മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് പ്രതിനിധികള്‍; പരാതികള്‍ പരിഹരിക്കുമെന്ന് കോടിയേരി

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലും സര്‍ക്കാരിനെതിരെ പരാതി പ്രളയം. അഭ്യന്തര വകുപ്പടക്കം വിവിധ വകുപ്പുകള്‍ക്കെതിരെ പ്രതിനിധികള്‍ ഇന്നും രൂക്ഷവിമര്‍ശനം ഉയര്‍ത്തി. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്നും അഭിപ്രായമുയര്‍ന്നു.

അതേസമയം ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന പരാതികളും വിമര്‍ശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് മറുപടി പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ അഭ്യന്തര വകുപ്പിനെതിരെ തുടര്‍ച്ചയായി പരാതികളും വിമര്‍ശനവും ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടുന്നുവെന്ന് കോടിയേരി പാര്‍ട്ടി വേദിയില്‍ തന്നെ വ്യക്തമാക്കിയത്.

അതേസമയം സിപിഎം ഇടുക്കി സമ്മേളനത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇത്തവണത്തെ മന്ത്രിമാര്‍ മോശമാണെന്ന് ഒരു പ്രതിനിധി സമ്മേളനത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ ഒന്നിനൊന്ന മെച്ചപ്പെട്ട മന്ത്രിമാരെ ആയിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് മന്ത്രിമാര്‍ എത്തിയില്ലെന്നായിരുന്നു സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്‍ശനം.

Top