Delays in the appointment of staff; Crisis in state police

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ താഴെതട്ടില്‍ അഴിച്ച് പണി വൈകുന്നത് ക്രമസമാധാന രംഗത്തും കേസന്വേഷണ രംഗത്തും പ്രതിസന്ധിയുണ്ടാക്കുന്നു.

ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കം ചെയ്ത് ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയും തുടര്‍ന്ന് എഡിജിപി, ഐജി, എസ് പി തലങ്ങളില്‍ വ്യാപകമായ അഴിച്ച് പണി നടത്തിയിട്ടുണ്ടെങ്കിലും താഴെ തട്ടില്‍ പൊലീസിനെ നിയന്ത്രിക്കേണ്ട എസ്‌ഐ, സിഐ, ഡിവൈഎസ്പി തസ്തികകളില്‍ സ്ഥലം മാറ്റം നടക്കാത്തതാണ് സ്തംഭനാവസ്ഥക്ക് കാരണം.

ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പെരുമ്പാവുര്‍ ഡിവൈഎസ്പി,സിഐ തുടങ്ങിയ ഒറ്റപ്പെട്ട ചില സ്ഥലം മാറ്റങ്ങള്‍ നേരത്തെ നടന്നിരുന്നു. ഇതിന് ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മുപ്പതോളം സിഐമാരെ മാറ്റി നിയമിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം തസ്തികകളിലും ഇനിയും പുനര്‍നിയമനം നടക്കാനുണ്ട്. ഡിവൈഎസ്പിമാരുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താല്‍ക്കാലിക ചുമതലയില്‍ വന്നവരുമെല്ലാം ഏത് നിമിഷവും സ്ഥാനചലനം പ്രതീക്ഷിക്കുന്നതിനാല്‍ ക്രമസമാധാന പാലനത്തിലും കേസന്വേഷണത്തിലുമൊന്നും കാര്യമായി ഇടപെടാത്ത സാഹചര്യമാണുള്ളത്. ഫലത്തില്‍ പൊലീസിന്റെ നിര്‍ജ്ജീവാവസ്ഥ മിക്കയിടത്തും പ്രകടമാണ്.

എസ്പിമാരും കമ്മീഷണര്‍മാരുമൊന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും പലയിടത്തും നടപ്പാകാത്ത സാഹചര്യമാണുള്ളത്. മലപ്പുറം കൊണ്ടോട്ടിയില്‍ പൊലീസ് ജീപ്പിന് നേരെ ഒരു സംഘം കല്ലെറിഞ്ഞപ്പോള്‍ പോലും കണ്ടഭാവം നടിക്കാതെ മുഖം തിരിച്ച് പോവുകയായിരുന്ന നീതി നിര്‍വ്വഹണമാണ് എസ്‌ഐയും സിഐയും അടക്കമുള്ള പൊലീസ് സംഘം ‘നടപ്പാക്കിയത്’. ഇതൊരു ഉദാഹരണം മാത്രമാണ്.

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റികള്‍ മുഖാന്തരം സംസ്ഥാന നേതൃത്വം പ്രത്യേക ലിസ്റ്റ് തയ്യാറാക്കുന്നുണ്ടെങ്കിലും ഇതിന് പുറമേ ഡിജിപി തന്നെ നേരിട്ട് പ്രത്യേക ലിസ്റ്റും ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്.

ഇപ്പോള്‍ സ്ഥലം മാറ്റപ്പെട്ടവരും നിയമനം കിട്ടിയവരും മിക്കവരും ഡിജിപി തയ്യാറാക്കിയ ലിസ്റ്റിലുള്ളവരാണ്. പാര്‍ട്ടി നല്‍കിയ ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാത്തതില്‍ സിപിഎം ജില്ലാ ഘടകങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

യുഡിഎഫ് ഭരണകാലത്ത് ദീര്‍ഘകാലം ക്രമസാമധാന ചുമതലയിലിരുന്ന ചില സിഐമാര്‍ക്ക് ഇപ്പോള്‍ നടന്ന സ്ഥലം മാറ്റത്തില്‍ കൂടുതല്‍ തന്ത്രപ്രധാനമായ സ്ഥലത്ത് നിയമനം ലഭിച്ചതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

ഇടത് അനുകൂല പൊലീസ് സംഘടനാ ഭാരവാഹികള്‍ നല്‍കിയ ലിസ്റ്റും പരിഗണിക്കപ്പെടാത്ത സാഹചര്യമാണ് നിലവില്‍.

ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും കളങ്കിതരായ ചില ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ തസ്തികയില്‍ ഇതിനകം നിയമനം ലഭിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായക്കും തിരിച്ചടിയായിട്ടുണ്ട്.

ഭരണത്തില്‍ പാര്‍ട്ടി ഇടപെടലിന് മുഖ്യമന്ത്രി തന്നെ നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യമാണ് ഇപ്പോഴത്തെ നിയമനങ്ങളെ ബാധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

സത്യസന്ധരായ ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിലും വിജിലന്‍സിലും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യത്തില്‍ യുഡിഎഫ് ഭരണകാലത്തെ നിയമനം കാര്യമാക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ സദുദ്ദ്യേശത്തെ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്ന ഉന്നതര്‍ അട്ടിമറിക്കുകയാണെന്ന ആക്ഷേപമാണ് ഇടത് അനുകൂല പൊലീസ് സംഘടനാ ഭാരവാഹികള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമുള്ളത്.

ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട ഈ അഭിപ്രായ ഭിന്നതയും സ്ഥലം മാറ്റം വൈകാന്‍ ഒരു പരിധിവരെ കാരണമാകുന്നതായാണ് ലഭിക്കുന്ന സൂചന.

Top