രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു, അമ്മയ്‌ക്കെതിരെ കേസ്

തൃക്കാക്കര: തൃക്കാക്കരയില്‍ രണ്ടു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് എതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.

കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബാലനീതി നിയമ പ്രകാരമാണ് കേസ്. കുട്ടിക്ക് സംരക്ഷണ ഉറപ്പാക്കേണ്ട അമ്മ ചികിത്സ വൈകിപ്പിച്ചതിനാണ് അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നല്‍കിയ മൊഴി. കുന്തിരക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയ്യില്‍ പൊള്ളലേറ്റതെന്നും അമ്മ പറഞ്ഞിരുന്നു.

എന്നാല്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് സംഭവത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പൊലീസ് അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനാച്ഛനും അമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തി.

കുട്ടിയുടെ ശരീരത്തിലുളളത് കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടുണ്ടായ മുറിവുകള്‍ അല്ലെന്നും കുറച്ചധികം ദിവസങ്ങളായി കുട്ടിയെ അതിക്രൂരമായ രീതീയില്‍ ഇവര്‍ ദേഹോപദ്രവം ചെയ്തതിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു. തലയോട്ടിയില്‍ പൊട്ടലുണ്ട്, ശരീരത്തില്‍ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തില്‍ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. ഗുരുതര അവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ വെന്‍ഡിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് അന്വേഷണം ശക്തമാക്കി.

Top