വാക്‌സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചു; തന്നെ തോല്‍പ്പിക്കാനെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിന്‍ 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിന്‍ വിജയം’ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് പറയുന്നു. അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഉണ്ടായത് തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടാണ്. ട്വീറ്റില്‍ ട്രംപ് പറഞ്ഞു.

ബഹുരാഷ്ട്ര അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്റെ പരീക്ഷണ വാക്സിന്‍ 90 ശതമാനം പേരിലും ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്. ജര്‍മന്‍ മരുന്നു കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ബി.എന്‍.ടി.162ബി.2 എന്നു പേരുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണുള്ളത്.

വാക്സിന്റെ രണ്ടാമത്തെ ഡോസ് നല്‍കി ഏഴു ദിവസത്തിനുള്ളിലും ആദ്യ ഡോസിനു ശേഷം 28 ദിവസത്തിനുള്ളിലും രോഗികളില്‍ സുരക്ഷ ഉറപ്പാക്കാനായെന്ന് തെളിഞ്ഞതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബര്‍ട്ട് ബൗര്‍ള തിങ്കളാഴ്ച അറിയിച്ചിരുന്നു.

Top