ദക്ഷിണാഫ്രിക്കൻ താരങ്ങൾ എത്താൻ വൈകും: ഡൽഹി ക്യാപിറ്റൽസ് കുരുക്കിൽ

ത്തവണ ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ എത്താൻ വൈകുമെന്ന് സൂചന. ഈ മാസം 18ന് ഐപിഎൽ ലേലം നടക്കാനിരിക്കെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണെമെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടു. സീസണിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ലഭ്യത അനുസരിച്ച് ലേലത്തെ സമീപിക്കാനാണ് ഫ്രാഞ്ചൈസികളുടെ തീരുമാനം.

ഇക്കൊല്ലം ഏപ്രിൽ 11ന് ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം. ഈ സമയത്ത് പാകിസ്താൻ-ദക്ഷിണാഫ്രിക്ക പരമ്പര നടക്കുന്നുണ്ട്. ഏപ്രിൽ 16നാണ് ഈ പരമ്പര അവസാനിക്കുക. പരമ്പരയ്ക്ക് ശേഷം ഇന്ത്യയിൽ എത്തിയാലും ക്വാറൻ്റീൻ കാലാവധിയൊക്കെ പൂർത്തിയാക്കി ഐപിഎലിൻ്റെ ഭാഗമാകുമ്പോഴേക്കും ലീഗ് തുടങ്ങി രണ്ട് ആഴ്ചയെങ്കിലും കഴിയും. അതുകൊണ്ട് തന്നെ ആദ്യ രണ്ട് ആഴ്ച ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സേവനം ഐപിഎലിൽ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഫ്രാഞ്ചൈസികൾ ബിസിസിഐയെ സമീപിച്ചത്.

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐപിഎലിൻ്റെ ആദ്യ രണ്ടാഴ്ച നഷ്ടമായാൽ ഏറ്റവുമധികം നഷ്ടം നിലവിൽ റണ്ണർ അപ്പുകളായ ഡൽഹി ക്യാപിറ്റൽസിനാവും. ഡൽഹിയുടെ രണ്ട് മുൻനിര ബൗളർമാരും ദക്ഷിണാഫ്രിക്കൻ താരങ്ങളാണ്. ചെന്നൈ സൂപ്പർ കിംഗ്സിലും രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളിക്കുന്നുണ്ട്.

Top