ബിരുദകോഴ്‌സുകള്‍ ഇനി നാല് വര്‍ഷം; മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രം. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും .താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.

നാലാം വര്‍ഷ പഠനം കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ.ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്.അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷ ബിരുദ കോഴ്‌സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടത്താം.

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കണം.അപാകതകള്‍ ഉണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവില്‍ വിസി ചുമതല വഹിക്കുന്നവര്‍ യോഗ്യരാണ്.താത്കാലിക ചുമതലയെങ്കിലും അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രി ഗവര്‍ണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു

 

Top