വന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വന സംരക്ഷണത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളായാലും ഉദ്യോഗസ്ഥരായാലും ഇക്കാര്യത്തില്‍ ശക്തമായ നടപടികളുണ്ടാവും. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും ശരി ചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പുവരുത്താന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. തൈനടീലും പരിപാലനവും തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ കഴിയുമോ എന്നത് ചര്‍ച്ചചെയ്തു വരികയാണ്. അധികാര പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ വനം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉറപ്പവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘സ്ഥാപന വനവത്കരണം’, ‘നഗരവനം’ എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍.

 

Top