അതിർത്തിയിലെ ഗ്രാമം ‘സില്ലി മാറ്റർ’, അത് പണ്ടേ ചൈനീസ് ഏരിയയെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ഇന്ത്യയുമായി തര്‍ക്കത്തിലുള്ള പ്രദേശത്ത് ചൈന നൂറോളം വീടുകളുള്ള ഗ്രാമം നിര്‍മിച്ചുവെന്ന യു.എസ് പ്രതിരോധ സ്ഥാപനമായ പെന്റഗണിന്റെ റിപ്പോര്‍ട്ട് വലിയ കാര്യമല്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ഇത് പുതിയ കാര്യമല്ലെന്നും ആറു പതിറ്റാണ്ടായി ചൈന നിയന്ത്രിക്കുന്ന പ്രദേശമാണിതെന്നുമാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.

ചൈനയുടെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി 1959ല്‍ അസം റൈഫിള്‍സ് പോസ്റ്റ് കൈയേറിയ ശേഷം നിയന്ത്രണത്തിലാക്കിയ പ്രദേശമാണതെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അപ്പര്‍ സുബന്‍സിരി ജില്ലയിലെ തര്‍ക്കത്തിലുള്ള അതിര്‍ത്തിയില്‍ ചൈന നിര്‍മാണം നടത്തിയ പ്രദേശങ്ങള്‍ അവരുടെ നിയന്ത്രണത്തിലുള്ളതാണ്.

അവിടെ ചൈനയുടെ സൈനിക പോസ്റ്റ് നിലവിലുള്ളതും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതുമാണ്. ഇത് ചുരുങ്ങിയ കാലത്തിനുള്ളതില്‍ നിര്‍മിച്ചതല്ല”-പ്രതിരോധ കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. തിബത്ത് സ്വയംഭരണമേഖലയിലും ഇന്ത്യയിലെ അരുണാചല്‍ പ്രദേശിലും തര്‍ക്കത്തിലുള്ള പ്രദേശങ്ങളില്‍ ചൈന 100 വീടുകളുള്ള വലിയ ഗ്രാമം നിര്‍മിച്ചുവെന്നാണ് പെന്റഗണ്‍ യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Top