സൈനികര്‍ക്കൊപ്പം സമയം ചിലവഴിച്ച് രാജ്നാഥ് സിങ് സിയാച്ചിനില്‍

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സിയാച്ചിനില്‍ സന്ദര്‍ശനം നടത്തി. പ്രതിരോധ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം രാജ്നാഥ് സിങ് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയാണ് സിയാച്ചിന്‍. സൈനിക ക്യാമ്പില്‍ സൈനികരോടൊപ്പം ജിലേബി കഴിച്ച് സൗഹൃദം പങ്കിടുന്ന ചിത്രങ്ങള്‍ രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.

‘മാതൃരാജ്യത്തെ സംരക്ഷിക്കാനായി സിയാച്ചിനില്‍ സേവനം നടത്തുന്ന സൈനികരെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നും, രാജ്യത്തെ സേവിക്കാനായി സ്വന്തം മക്കളെ സൈന്യത്തില്‍ ചേര്‍ക്കുന്ന രക്ഷിതാക്കളെ കുറിച്ച് ഓര്‍ത്തും ഞാന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ക്ക് വ്യക്തിപരമായി ഞാന്‍ നന്ദി അറിയിക്കുന്നതായും രാജ്നാഥ് സിങ് ട്വീറ്ററില്‍ കുറിച്ചു.

സിയാച്ചിനില്‍ സേവനമനുഷ്ടിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ സൈനികരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 1100 ല്‍ കൂടുതല്‍ സൈനികരാണ് ഇത്തരത്തില്‍ മരണപ്പെട്ടിട്ടുള്ളത്. അവരുടെ സേവനത്തിനും ത്യാഗത്തിനും രാഷ്ട്രം അവരോട് കടപ്പെട്ടിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

Top