ആവശ്യമെങ്കിൽ ഇന്ത്യ നിയന്ത്രണരേഖ മറികടക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

ദ്രാസ് : രാജ്യത്തെ സംരക്ഷിച്ച് മഹത്വം നിലനിർത്താൻ ആവശ്യമെങ്കിൽ നിയന്ത്രണരേഖ മറികടക്കാൻ തയാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ‘‘ഇത്തരമൊരു സാഹചര്യമുണ്ടായാൽ സൈന്യത്തെ പിന്തുണയ്‌ക്കാൻ ജനങ്ങള്‍ തയാറായിരിക്കണം. ആവശ്യമെങ്കിൽ യുദ്ധമുഖത്ത് ഇറങ്ങണം. പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മേൽ കാർഗിൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നു. സമാധാനശ്രമങ്ങൾക്കിടെ പിന്നിൽനിന്നു കുത്തിയ പാക്ക് നടപടിയായിരുന്നു യുദ്ധം. അതിനു തക്ക മറുപടി നൽകാൻ ഇന്ത്യയ്‍ക്കായി. യുദ്ധത്തിൽ രാജ്യത്തെ സംരക്ഷിച്ച ധീര സൈനികർക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു’’– രാജ്നാഥ് സിങ്ങ് പറഞ്ഞു.

ദ്രാസിൽ നടന്ന 24–ാമത് കാർഗിൽ വിജയ് ദിവസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ സ്‍‍‌മരണയ്ക്കായി സ്ഥാപിച്ച യുദ്ധ സ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പുഷ്‌പചക്രം അർപ്പിച്ചു.

ദ്രാസിലെ യുദ്ധസ്‌മാരകത്തിൽ 24–ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷം വിപുലമായി നടന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമായി മന്ത്രി സംവദിച്ചു. ദ്രാസിൽ നിർമിച്ച ഹട്ട് ഓഫ് റിമെംബ്രറൻസ് മ്യൂസിയവും സന്ദർശിച്ചു. മിഗ് 29 വിമാനങ്ങളുടെയും ചീറ്റ ഹെലികോപ്‌റ്ററുകളുടെയും പ്രകടനവും നടന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും കര–നാവിക–വ്യോമ സേനാ മേധാവിമാരും യുദ്ധസ്‌‍മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് ട്വീറ്റ് ചെയ്തു.

Top