‘സംഭവം അതീവ ഗൗരവതരം,ആക്രമണം നടത്തിയവര്‍ ആരായാലും അവരെ കണ്ടുപിടിക്കും’;രാജ്‌നാഥ് സിംഗ്

ഡല്‍ഹി: എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംഭവം അതീവ ഗൗരവതരമാണ്. ആക്രമണം നടത്തിയവര്‍ ആരായാലും അവരെ കണ്ടുപിടിക്കും. അവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും. നാവികസേന നിരീക്ഷണം ശക്തമാക്കിയതായും പ്രതിരോധ മന്ത്രി അറിയിച്ചു.

സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണത്തിന് പിന്നിലുളളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മുഴുവന്‍ സുരക്ഷ ഇന്ത്യയ്ക്കാണ്. സര്‍ക്കാര്‍ സൗഹൃദ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കും. മേഖലയിലെ സമുദ്ര വ്യാപാരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അറബിക്കടലില്‍ വെച്ച് ലൈബീരിയന്‍ കപ്പലായ എംവി കെം പ്ലൂട്ടോയും ചെങ്കടലില്‍ വെച്ച് എംവി സായി ബാബ എന്നീ കപ്പലുകളുമാണ് ആക്രമിക്കപ്പെട്ടത്. സൗദിയില്‍ നിന്നും ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്ക് പുറപ്പെട്ട എംവി കെം പ്ലൂട്ടോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് പെന്റഗണ്‍ ആരോപിച്ചിരുന്നു. യുഎസ് നാവികസേനയുടെ കപ്പലുകളൊന്നും സമീപത്തുണ്ടായിരുന്നില്ലെന്നും പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഇന്ത്യന്‍ തീരത്തുനിന്ന് യുഎസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പിലൂടെ തിരിച്ചുവിട്ടിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്പിലേക്കും തിരിച്ചും ചരക്കുമായി നീങ്ങുന്ന കപ്പലുകളുടെ പ്രധാന മാര്‍ഗമാണ് ഭീഷണിയിലായത്.

Top