ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌തമായ സ്ഥാപനം പ്രതിരോധ സേന; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനം ഏത്? അഭ്യൂഹങ്ങളല്ല, പകരം കൃത്യമായ ഉത്തരം തന്നെ ഒരു സര്‍വേയിലൂടെ വന്നിരിക്കുകയാണ്. ഇപ്‌സോസ് ഇന്ത്യ എന്ന ഏജന്‍സിയാണ് സര്‍വേ നടത്തിയത്. ഇതു പ്രകാരം മൂന്ന് സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കടുതല്‍ വിശ്വാസയോഗ്യമായിട്ടുള്ളത്. സ്ഥാപനങ്ങള്‍ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും മൂന്നാമത്തേത് ഒരു വ്യക്തിയാണ്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

പ്രതിരോധ സേന, ആര്‍ ബി ഐ, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നിവരാണ് ഇന്ത്യയില്‍ ഏറ്റവും വിശ്വസിക്കപ്പെടുന്ന മൂന്ന് ഇന്‍സ്‌റ്റിറ്റ്യൂഷനുകള്‍. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിശ്വാസ്യത പോലും നാലാം സ്ഥാനത്താണ് എന്നാണ് ഇപ്‌സോസ് പറയുന്നത്.

രാജ്യത്തെ 65 ശതമാനം ആളുകളാണ് ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ ബി ഐയെ 50 ശതമാനം പേര്‍ വിശ്വസിക്കുന്നു. 49 ശതമാനം ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസം. ഇന്ത്യന്‍ പാര്‍ലമെന്റ്, മാധ്യമങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഇലക്ഷന്‍ കമ്മീഷനിലുള്ള ഇന്ത്യന്‍ ജനതയുടെ വിശ്വാസം.

രാജ്യത്തെ നാല് മെട്രോ നഗരങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് നടത്തിയ സര്‍വേയില്‍ നിന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലാത്തത് രാഷ്‌ട്രീയക്കാരെയാണെന്നും സര്‍വേ പറയുന്നു.

Top