ചൈനയുടെ മിസൈല്‍ യുഎസിനുള്ള താക്കീതാണെന്ന് പ്രതിരോധ വിദഗ്ധര്‍!

ബെയ്ജിങ്: സൈനിക അഭ്യാസത്തിന്റെ ഭാഗമായി ചൈന തൊടുത്ത ബാലിസ്റ്റിക് മിസൈലുകള്‍ യുഎസിനുള്ള താക്കീതാണെന്ന് പ്രതിരോധ വിദഗ്ധര്‍. ചൈന തൊടുത്ത നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകളും ഹയ്നാന്‍ ദ്വീപിനും വിയറ്റ്നാമിനു സമീപത്തെ തര്‍ക്ക പ്രദേശമായ പരാസെല്‍ ദ്വീപിനും ഇടയിലാണു പതിച്ചത്.

ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സൈനികാഭ്യാസത്തിനെത്തിയ പ്രദേശത്തിന് സമീപത്താണ് മിസൈലുകള്‍ പതിച്ചത്. ദക്ഷിണ ചൈനാകടലില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് വിമാനവാഹിനി കപ്പലുകള്‍ക്കും സൈനിക താവളങ്ങള്‍ക്കുമുള്ള കൃത്യമായ താക്കീതാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഡിഎഫ്-21ഡി, ഡിഎഫ്-26ബി എന്നിവയും ബുധനാഴ്ച തൊടുത്ത മിസൈലുകളില്‍ ഉണ്ടായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. കിഴക്കന്‍ തീരത്തെ സൈനിക ഭീഷണികള്‍ തകര്‍ക്കാനുള്ള ചൈനയുടെ തന്ത്രപ്രധാനമായ ആയുധങ്ങളാണിവ. ഇതില്‍ ഡിഎഫ്-24 ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ്.

മേഖലയില്‍ യുഎസ് വിന്യസിച്ചിരിക്കുന്ന വിമാനവാഹിനി കപ്പലുകള്‍ക്ക് ഉത്തരമുണ്ടെന്ന കൃത്യമായ സന്ദേശമാണ് മിസൈലുകളിലൂടെ ചൈന നല്‍കിയിരിക്കുന്നതെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് രണ്ട് വിമാനവാഹിനി കപ്പലുകള്‍ അയച്ചാല്‍ അവയെ തകര്‍ക്കാനുള്ള മിസൈലുകള്‍ അയയ്ക്കുമെന്നു ചൈന വ്യക്തമാക്കിയിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Top