പ്രചരണ രംഗത്ത് കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കി ഇടതുപക്ഷം, പാർട്ടി വിട്ടവരുടെ പട്ടികയും പുറത്തുവിട്ടു

ന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പിയാണെന്നത് കഴിഞ്ഞ കുറേകാലമായി സി.പി.എമ്മും മറ്റു ഇടതുപാര്‍ട്ടികളും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. അന്നൊക്കെ… ആ പ്രചരണത്തെ കേവലം രാഷ്ട്രീയ ആരോപണമായി മാത്രം കണ്ടവര്‍ക്ക് ഇപ്പോള്‍ പഴയ നിലപാടാണ് തിരുത്തേണ്ടി വന്നിരിക്കുന്നത്. ‘ഓപ്പറേഷന്‍ താമര’ അതിന്റെ വിശ്വരൂപം കൂടുതല്‍ ശക്തമായാണ് രാജ്യത്ത് ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒഴികെയുള്ള പാര്‍ട്ടികളെല്ലാം തന്നെ ബി.ജെ.പിയുടെ നീക്കത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രഹരം ലഭിച്ചിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സിനാണ്. ബി.ജെ.പി നേതൃത്വത്തിന്റെ പോലും സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്കും അവരുടെ സഖ്യ പാര്‍ട്ടികളിലേക്കും പ്രവഹിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിമാര്‍,സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാര്‍,എംപി – എംഎല്‍എമാര്‍ തുടങ്ങി ഉന്നതനേതൃത്വം തന്നെ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷാരംഭത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം ഡസനിലേറെ പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസ്സ് വിട്ടിരിക്കുന്നത്.വ്യാവസായിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെയാണ് കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. ഇതില്‍ പ്രധാനി അശോക് ചവാനാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായിരുന്നു അദ്ദേഹം. എംഎല്‍എ സ്ഥാനം രാജിവച്ചാണ് ചവാന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ബിജെപി രാജ്യസഭാംഗമാക്കിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി എസ് ബി ചൗഹാന്റെ മകന്‍ ഉള്‍പ്പെടെ 55 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ചവാന്റെ കൂടെ ബിജെപിയിലെത്തിയിട്ടുണ്ട്.

മുംബൈയിലെ യുവനേതാവും മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജോയിന്റ് ട്രഷററുമായ മിലിന്ദ് ദിയോറ കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിലാണ് ചേര്‍ന്നിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങിയ ദിവസമായിരുന്നു രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയായിരുന്ന മിലിന്ദിന്റെ രാജിയും സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവും സോണിയ കുടുംബത്തിന്റെ വിശ്വസ്തനുമായിരുന്ന മുരളി ദിയോറയുടെ മകനായ ഈ ചെറുപ്പക്കാരന്‍ രണ്ടുവട്ടമാണ് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ദക്ഷിണ മുംബൈയില്‍ നിന്ന് ലോക്‌സഭയിലെത്തിയിട്ടുള്ളത്.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ബാബ സിദ്ദിഖി മുംബൈ റീജണല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണും പാര്‍ലമെന്ററി ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റുമായിരിക്കെയാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ബിജെപിക്കൊപ്പമുള്ള മറ്റൊരു ഘടക കക്ഷിയായ അജിത് പവാറിന്റെ എന്‍സിപിയിലേക്കാണ് അദ്ദേഹം ചേക്കേറിയിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍മന്ത്രിയും ലിംഗായത്ത് നേതാവുമൊക്കെയായ ബസവരാജ് പാട്ടീലും കോണ്‍ഗ്രസ്സ് വിട്ടാണ് ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്.

അസമില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയി ദിവസങ്ങള്‍ക്കകമാണ് ഒരു ന്യായീകരണവുമില്ലാത്ത കൊഴിഞ്ഞു പോക്ക് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ, പ്രമുഖരായ മൂന്നു നേതാക്കളാണ് ബിജെപിക്കൊപ്പം കൂടിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബിസ്മിത ഗൊഗോയ് ഇതില്‍ പ്രധാനിയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അവര്‍ ബിജെപിയിലെത്തിയിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് മന്ത്രി അഞ്ജന്‍ ദത്തയുടെ മകളും, മുന്‍ കോണ്‍ഗ്രസ് നേതാവ് ജിബ കാന്ത ഗൊഗോയിയുടെ മരുമകളുമാണ് ബിസ്മിത. യൂത്ത് കോണ്‍ഗ്രസ് അസം പ്രസിഡന്റായിരുന്ന അങ്കിത ദത്തയും ഇവര്‍ക്കൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയ വനിതാ നേതാവാണ് അങ്കിത.

രണ്ടുതവണ എംഎല്‍എയും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ റാണാ ഗോസ്വാമിയും കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചു കഴിഞ്ഞു. ഇവര്‍ക്കു പുറമെ, എംഎല്‍എമാരായ കമലാഖ്യ ദേ പുര്‍കയസ്ത, ബസന്ത ദാസ് എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഗതികേടു കൂടിയാണ് ഈ പ്രഖ്യാപനത്തോടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നേരം ഇരുട്ടിവെളുത്തപ്പോള്‍ ബിജെപിയിലേക്ക് തിരിച്ചുപോയിരിക്കുകയാണ്. പ്രമുഖ ലിംഗായത്ത് സമുദായ നേതാവായ ഷെട്ടാറിന്റെ ഈ തിരിച്ചുവരവ് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി നേതൃത്വമുള്ളത്.രാജസ്ഥാനിലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍മന്ത്രിയും നാലുതവണ എംഎല്‍എയുമായിരുന്ന മഹേന്ദ്രജീത് മാളവ്യയും പ്രതിപക്ഷനേതാവാക്കാത്തതിനെ തുടര്‍ന്ന് , വലിയ പ്രതിസന്ധിയിലേക്കാണ് , കോണ്‍ഗ്രസ്സിനെ തള്ളിവിട്ടിരിക്കുന്നത്.

മധ്യഗുജറാത്ത് മേഖലയിലെ ശക്തനായ ഗോത്രവര്‍ഗനേതാവായിരുന്ന നരണ്‍ റാത്വ, നിലവിലെ രാജ്യസഭാ അംഗത്വകാലാവധി തീരാനിരിക്കെയാണ് മകന്‍ സംഗ്രാമിനും അനുയായികള്‍ക്കുമൊപ്പം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു എന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.ബിഹാറിലെ കോണ്‍ഗ്രസ്സ് നേതാക്കളും എം.എല്‍.എമാരുമായ മുരാരി പ്രസാദ് ഗൗതം, സിദ്ധാര്‍ഥ് സൗരഭ് എന്നിവര്‍ പ്രതിപക്ഷനിര വിട്ട് ഭരണകക്ഷി ബെഞ്ചില്‍ വന്നിരുന്നപ്പോഴാണ് ഇരുവരും പാര്‍ടി വിട്ടത് കോണ്‍ഗ്രസ് നേതൃത്വം പോലും അറിഞ്ഞിരുന്നത്. ഇതില്‍ മുരാരി പ്രസാദ് മുന്‍പ് ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

അരുണാചല്‍ പ്രദേശില്‍…വാങ്ലിന്‍ ലോവാങ്‌ഡോങ്, നിനോങ് എറിങ് എന്നീ എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. മുന്‍ എംപിയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവുമായ ഡേയിങ് എറിങ്ങിന്റെ മകനാണ് നിനോങ്.കന്യാകുമാരി വിളവങ്കോട് എംഎല്‍എയും കോണ്‍ഗ്രസ്സ് നിയമസഭാ പാര്‍ടി ചീഫ് വിപ്പുമായ എസ് വിജയധരണിയും അടുത്തയിടെയാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം ജനറല്‍ സെക്രട്ടറി കൂടിയായ വിജയധരണിയുടെ ബി.ജെ.പി പ്രവേശനം കന്യാകുമാരി ലോകസഭ മണ്ഡലം പിടിച്ചെടുക്കാന്‍ സഹായകരമാകുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്.

ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയുമായ ഗീത കോഡയും കോണ്‍ഗ്രസ്സിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. 4000 കോടി രൂപയുടെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിലവില്‍ ജയിലിലാണ് മധു കോഡയുള്ളത്. കൊള്ളയടിക്കുന്നവരും അഴിമതിക്കാരും സ്ത്രീ പീഢകരും എല്ലാം ധാരാളം ഉള്ള കോണ്‍ഗ്രസ്സില്‍ ഇവിരെ ചുമന്നതിനു കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് നേതൃത്വത്തിന് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. മോദിക്ക് കേന്ദ്രത്തില്‍ മൂന്നാം ഊഴം ലഭിച്ചാല്‍ തീര്‍ച്ചയായും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അത് വലിയ ഭീഷണി തന്നെ ആയിരിക്കും.

കേരളത്തില്‍ എപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാലും ബി.ജെ.പിക്ക് അതു കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് കര്‍ണ്ണാടക തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. ഇവിടെ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ബി.ജെ.പി സൃഷ്ടിച്ചാല്‍ തിരിച്ചു വരിക കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. സംഘടനാപരമായും രാഷ്ട്രീയപരമായും … ആകെ തകര്‍ന്ന അവസ്ഥയിലാണ് നിലവില്‍ കോണ്‍ഗ്രസ്സുള്ളത്. ഈ പോക്കു പോയാല്‍ കഴിഞ്ഞതവണത്തെ സീറ്റുകള്‍ അവര്‍ക്ക് ലഭിക്കുമോ എന്നതും സംശയമാണ്. 2019-ലെ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് തന്നെ ഏറ്റവും അധികം ലോകസഭ സീറ്റുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചത് കേരളത്തില്‍ നിന്നാണ്. 15 സീറ്റുകള്‍ കോണ്‍ഗ്രസ്സിനും രണ്ട് സീറ്റുകള്‍ മുസ്ലിംലീഗിനും ആര്‍.എസ്.പിക്കും കേരള കോണ്‍ഗ്രസ്സിനും ഓരോ സീറ്റുകളുമാണ് അന്നു ലഭിച്ചിരുന്നത്.

നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 19 സീറ്റിലെ വിജയം എന്നത് യു.ഡി.എഫ് നേതാക്കള്‍ പോലും സ്വപ്നം കാണുന്നില്ല. പത്തില്‍ കൂടുതല്‍ ലഭിക്കണമെന്നതു മാത്രമാണ് അവരുടെ ആഗ്രഹം.എന്നാല്‍, ഇതും അത്യാഗ്രഹമാണെന്നാണ് ഇടതുപക്ഷ നേതാക്കള്‍ പറയുന്നത്. ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കോയ്മ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നതാണ് അവരുടെ വിലയിരുത്തല്‍.കോണ്‍ഗ്രസ്സിന്റെ നിലവിലെ അവസ്ഥ അക്കമിട്ട് ചൂണ്ടിക്കാട്ടി കടന്നാക്രമിക്കാന്‍ തന്നെയാണ് തീരുമാനം. ഇതുവഴി പ്രചരണത്തില്‍ വ്യക്തമായ മേല്‍ക്കോയ്മയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നില്ലന്നതിന് എന്താണ് ഉറപ്പെന്ന് ഇടതുപക്ഷം ചോദിക്കുമ്പോള്‍ ആ ചോദ്യം പുതിയ സാഹചര്യത്തില്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇംപാക്ടും വളരെ വലുതായിരിക്കും.

EXPRESS KERALA VIEW

Top