ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു; സ്വര്‍ണക്കടത്തിന് ലഹരി മരുന്ന് കേസിലെ പ്രതികള്‍ സഹായിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒമ്പതരയോടെ ബിനീഷ് ഹാജരായി.

സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 11 ന് കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങള്‍ ചെയ്തിരുന്ന കമ്പനി, ബിനീഷിന്റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവില്‍ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വര്‍ക്കള്ളക്കടത്ത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ബി കാപ്പിറ്റല്‍ ഫൈനാല്‍ഷ്യല്‍ സൊലൂഷ്യന്‍ സ്, ബി കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്. എന്നാല്‍ വാര്‍ഷിക റീട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

ഇതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഇതിന്റെ ഉടമ അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സ്വര്‍ണക്കള്ളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താന്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

Top