ആര്‍.ശ്രീലേഖയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളില്‍ ഇല്ലെന്ന് പ്രതിഭാഗം. വെളിപ്പെടുത്തലുകളില്‍ പുതിയ ഹര്‍ജി നല്‍കേണ്ട സാഹചര്യമില്ല. പള്‍സര്‍ സുനിയുടെ മുന്‍കാല ചെയ്തികള്‍ വിചാരണാ ഘട്ടത്തില്‍ കോടതി രേഖപ്പെടുത്തിയതാണെന്നും പ്രതിഭാഗം നിലപാട് വ്യക്തമാക്കി.

ആര്‍ ശ്രീലേഖ പറഞ്ഞത് പുതിയ കാര്യങ്ങളെല്ലെന്ന് പറയുമ്പോള്‍ തന്നെ പൂര്‍ണമായും വെളിപ്പെടുത്തലുകള്‍ പ്രതിഭാഗം തള്ളുന്നുമില്ല. പൊലീസ് ഗൂഢാലോചനയെന്നത് പുതിയ കാര്യമാണെന്ന് പ്രതിഭാഗം പറയുന്നു. പൊലീസുകാര്‍ക്കെതിരെ വീഡിയോ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണമില്ലാത്തതും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടും. നിലവിലെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ ശ്രീലേയെ സാക്ഷിയാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

അതേസമയം ശീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.

വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍.

Top