പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു

ലഖ്‌നൗ: പോക്‌സോ കേസിലെ പ്രതിയെ ഇരയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്ത് വെച്ചാണ് ഇരയുടെ പിതാവ് പ്രതിയെ വെടിവെച്ചു വീഴ്ത്തിയത്.

ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കേസില്‍ പിടിയിലായ യുവാവിനെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ഇക്കഴിഞ്ഞ ദിവസം വിചാരണയ്ക്കായി കോടതിയിലെത്തിയ സമയത്താണ് ഇരയുടെ പിതാവ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

2020 ഫെബ്രുവരിയിലാണ് കൊല്ലപ്പെട്ട ദില്‍ഷാദ് ഹുസൈന്‍ അറസ്റ്റിലായ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരയുടെ വീടിനടുത്ത് സൈക്കിള്‍ റിപ്പയര്‍ സ്ഥാപനം നടത്തിയിരുന്ന ദില്‍ഷാദ് 2020 മാര്‍ച്ചില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഒളിവില്‍ പോയ ദില്‍ഷാദിന് മാര്‍ച്ച് 12ന് ഹൈദരാബാദില്‍ നിന്ന് പൊലീസ് പിടികൂടി. റിമാന്‍ഡ് ചെയ്ത പ്രതി പിന്നീട് ജാമ്യം ലഭിച്ചു.

ഇക്കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കായി ഗോരഖ്പൂര്‍ കളക്ടറേറ്റിന് സമീപത്തെ കോടതിലെത്തിയിരുന്നു. പ്രതിയെ തോക്കുമായി കാത്തിരുന്ന ഇരയുടെ പിതാവ് നിറയൊഴിച്ചു. പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മില്‍ കോടതിക്ക് പുറത്ത് സംഘര്‍ഷവുമുണ്ടായി. ദില്‍ഷാദിനെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇരയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി പരിസരത്ത് സുരക്ഷാ വീഴ്ച്ചയുണ്ടായതായി അഭിഭാഷകര്‍ പ്രതികരിച്ചു.

Top