മാസ്‌ക് ധരിക്കാത്തതിന് പിഴ അടയ്ക്കാനെത്തിയത് പീഡനക്കേസ് പ്രതി

കോവളം: മാസ്‌ക് ധരിക്കാത്തതിനു പിഴയടയ്ക്കാനെത്തിയ യുവാവിനൊപ്പം എത്തിയത് പീഡനക്കേസ് പ്രതി. പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ പുഞ്ചക്കരി കിഴക്കേക്കരി പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേഷിനെ(29)യാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പൊലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ് മുഖാവരണം ധരിച്ചു നില്‍ക്കുന്ന മഹേഷിനെ കണ്ടു.

സംശയം തോന്നിയ സിപിഒ ഒളിവില്‍ പോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കി. ഇയാള്‍ തന്നെയാണ് ഉറപ്പുവരുത്തിയതോടെ സ്റ്റേഷനിലേക്ക് എത്തിച്ച് ഇന്‍സ്‌പെക്ടര്‍ വി.സജികുമാര്‍ ചോദ്യം ചെയ്തു.

ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. 2019 ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം.

Top