കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ആള്‍ പിടിയില്‍

വര്‍ക്കല: അകത്തുമുറി എസ്.ആര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടില് മുഹമ്മദ് ഷാനാണ് (18) പിടിയിലായത്.

ചിതറയില്‍ നിന്ന് പൊലീസും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചയാണ് മുഹമ്മദ് ഷാനും പള്ളിച്ചല്‍ കുളങ്ങരക്കോണം മേലെ പുത്തന്‍ വീട്ടില്‍ അനീഷും(29) ചാടിപ്പോയത്.

കടയ്ക്കാവൂര്‍, വക്കം മേഖലയില്‍ ഒളിവില്‍ കഴിഞ്ഞശേഷം മുഹമ്മദ് ഷാന്‍ തിങ്കളാഴ്ച ചെറുന്നിയൂരില്‍ നിന്ന് ബുള്ളറ്റ് മോഷ്ടിച്ചാണ് ചിതറയിലേക്ക് കടന്നത്. ചൊവ്വാഴ്ച പുലര്‍ച്ച ചിതറയില്‍ നിന്ന് ബുള്ളറ്റുള്‍പ്പടെ ഇയാളെ പിടികൂടുകയായിരുന്നു. കോവിഡ് പരിശോധനഫലം നെഗറ്റിവായതിനാല്‍ മുഹമ്മദ് ഷാനെ ജയിലിലേക്ക് മാറ്റി.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് പറഞ്ഞു. ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ട അനീഷിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Top