ലോക സൈനിക ശക്തിയിൽ വമ്പൻ മുന്നേറ്റം നടത്തി ഇന്ത്യൻ സൈനിക കരുത്ത്

ന്ത്യയില്‍ ഒരു ഭരണമാറ്റം ഉണ്ടായാലും ഇല്ലെങ്കിലും സൈനികമായ കരുത്തിനെ അത് ബാധിക്കില്ലന്ന് അമേരിക്കന്‍ വിലയിരുത്തല്‍.

ഇന്ത്യയില്‍ ഏത് ഭരണകൂടം അധികാരത്തില്‍ വന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍, ജപ്പാന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇടപാടുകളെ ബാധിക്കില്ലന്നാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗം കരുതുന്നത്. റഷ്യയുമായി കാലങ്ങളായി നില നില്‍ക്കുന്ന ബന്ധം ഇന്ത്യ തുടരുമെങ്കിലും അമേരിക്കയുമായുള്ള ബന്ധത്തെ അത് ബാധിക്കില്ലന്ന വിശ്വാസമാണ് പെന്റഗണ്ണിനുള്ളത്.

ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്ന പശ്ചാത്തലത്തില്‍ മറ്റ് ലോകരാജ്യങ്ങളെ കൂടെ നിര്‍ത്തുന്നതോടൊപ്പം സ്വയം ശക്തമാവാനുള്ള പദ്ധതികളാണ് ഇന്ത്യ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

കരയിലൂടെയും വായുവിലൂടെയും കടലിലൂടെയും മാത്രമല്ല സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനും ബഹിരാകാശ പോരിനും ത്രിതല പോര്‍മുഖം തുറന്നത് ഇതിന്റെ ഭാഗമാണ്. ആദ്യപടിയായി സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള ഡിഫന്‍സ് സൈബര്‍ ഏജന്‍സി (ഡി.സി.എ) സജ്ജമാക്കി ഇന്ത്യ ചൈനക്കും പാക്കിസ്ഥാനും ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

പ്രധാനമായും ചൈനയിലെയും പാക്കിസ്ഥാനിലെയും ഹാക്കര്‍മാരെ പ്രതിരോധിക്കാനും ആവശ്യഘട്ടത്തില്‍ പ്രത്യാക്രമണം നടത്താനുമുള്ള സജ്ജീകരണങ്ങളോടെയാണ് ന്യൂഡല്‍ഹി ആസ്ഥാനമായി ഡിഫന്‍സ് സൈബര്‍ ഏജന്‍സി വരുന്നത്. നാവികസേനയിലെ റിയര്‍ അഡ്മിറല്‍ മോഹിത് ഗുപ്തയാണ് ഏജന്‍സിയുടെ ആദ്യ മേധാവി. കര, നാവിക, വ്യോമ സേനയില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 200പേരാണ് ഇന്ത്യയുടെ സൈബര്‍ പ്രതിരോധത്തിന്റെ കുന്തമുനയാവുക. ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ ഭീഷണി വര്‍ധിച്ചതോടെയാണ് സാങ്കേതിക മികവോടെ സൈബര്‍ സുരക്ഷാ സേനക്ക് ഇന്ത്യ രൂപം നല്‍കിയത്.

സൈബര്‍ സുരക്ഷക്കായി സേനകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം ഡി.ആര്‍.ഡി.ഒയുടെ സഹായത്തോടെ പുതിയ സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ദേശീയ സൈബര്‍ സെക്യൂരിറ്റി അഡ് വൈസറുമായി ചേര്‍ന്നായിരിക്കും സേനയുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുകയെങ്കിലും പിന്നീട് കരസേന കമാന്റുകള്‍ക്ക് വേണ്ടി പ്രത്യേകം യൂണിറ്റുകളായി ഇത് മാറും.

ഇന്ത്യക്കെതിരെ ഭീകരരെ ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണമാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യയുടെ പത്തോളം പ്രധാന വെബ്സൈറ്റുകള്‍ പാക്കിസ്ഥാനി ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെ പാക്കിസ്ഥാന്‍ സൈറ്റുകള്‍ക്കു നേരെ ഇന്ത്യയുടെ പ്രത്യാക്രമണവും ഉണ്ടായിരുന്നു.

പുതിയകാലത്ത് സൈബര്‍ ആക്രമമാണ് ഭീഷണിയെന്ന വിലയിരുത്തലിലാണ് ഇതിനു മാത്രമായി പ്രത്യേക സേനയെ സജ്ജമാക്കുന്നത്.കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി യോഗത്തില്‍ പുതുതായി രൂപീകരിക്കാന്‍ തീരുമാനിച്ച മൂന്ന് പ്രതിരോധ ഏജന്‍സികളില്‍ ഒന്നാണ് ഡിഫന്‍സ് സൈബര്‍ ഏജന്‍സി. ഡിഫന്‍സ് സ്പേയ്സ് ഏജന്‍സി, സ്പെഷല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ എന്നിവയാണ് മറ്റു രണ്ടെണ്ണം.

ബിഹരാകാശത്തിലൂടെ നടക്കുന്ന ആക്രമണങ്ങളെയും ഉപഗ്രഹങ്ങള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളെയും ചെറുക്കുകയാണ് ഡിഫന്‍സ് സ്പെയ്സ് ഏജന്‍സിയുടെ ലക്ഷ്യം. നിലവില്‍ ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ തകര്‍ക്കാനുള്ള സാങ്കേതിക വൈദഗ്ദ്യം വിജയകരമായി പരീക്ഷിച്ച രാജ്യമാണ് ഇന്ത്യ. അമേരിക്കക്കും റഷ്യക്കും ചൈനക്കുമൊപ്പം ഉപഗ്രഹവേധ ആയുധമുള്ള രാജ്യമാണ് ഇന്ത്യ.

ബഹിരാകാശത്ത് ഇന്ത്യന്‍ നിയന്ത്രിത ഉപഗ്രഹങ്ങളുടെ സുരക്ഷയും സംരക്ഷണവുമായിരിക്കും ഡിഫന്‍സ് സ്പെയ്സ് ഏജന്‍സി ഉറപ്പുവരുത്തുക. ബില്‍ ലാദനെ 2011ല്‍ പാക്കിസ്ഥാനിലെ ഒളിത്താവളമായ അബാട്ടോബാദില്‍പോയി പിടികൂടി കൊലപ്പെടുത്തിയ അമേരിക്കല്‍ സേനയുടെ ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ പോലുള്ള മിന്നല്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ശേഷിയുള്ള സ്പെഷ്യൽ ഓപ്പറേഷന്‍സ് ഡിവിഷനും സജ്ജമാക്കും. നിലവില്‍ ഇന്ത്യക്ക് എന്‍.എസ്.ജി കമാന്‍ഡോ സംഘം ഉണ്ടെങ്കിലും ഇവരെ വി.ഐ.പി സുരക്ഷാ ഡ്യൂട്ടികള്‍ക്കാണ് ഇപ്പോള്‍ വിന്യസിക്കുന്നത്.

ഇസ്രയേലിലടക്കം പരിശീലനം നേടിയ കമാന്‍ഡോകളാണ് എന്‍.എസ്.ജിക്കുള്ളത് എന്നാല്‍ ഇതിനേക്കാള്‍ മികച്ച നിലവാരത്തിലായിരിക്കും സ്പെഷ്യൽ ഓപ്പറേഷന്‍ ഡിവിഷന്‍ സജ്ജമാക്കുക. ശത്രുരാജ്യങ്ങളില്‍ സൈനിക ആക്രമണത്തിനും പ്രത്യേക ഓപ്പറേഷനും വരെയുള്ള പരിശീലനം ഇവര്‍ക്ക് ലഭ്യമാക്കും.

മസൂദ് അസ്ഹറിനെയും ദാവൂദ് ഇബ്രാഹിമിനെയും പാക്കിസ്ഥാനിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ടായിരുന്നു. സ്പെഷ്യൽ ഓപ്പറേഷന്‍ ഡിവിഷന്‍ ഇത്തരം മിന്നല്‍ ആക്രമണം ലക്ഷ്യംവെച്ചു കൂടിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. മികച്ച ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളുമായിരിക്കും ഇവര്‍ക്കായി ഒരുക്കുക.

അണുവായുധം സ്വന്തമായുള്ള ഇന്ത്യ സൈബര്‍ പ്രതിരോധത്തിനും ബഹിരാകാശ ആക്രമണത്തിനും മിന്നല്‍ ഓപ്പറേഷനുകള്‍ക്കുമായി മൂന്നു സേനാവിഭാഗത്തെ ഒരുക്കുന്നത് നെഞ്ചിടിപ്പോടെയാണ് ചൈനയും പാക്കിസ്ഥാനും നോക്കി കാണുന്നത്.


Express Kerala View

Top