‘ആദ്യം വിജ്ഞാപനം പിന്‍വലിക്കൂ, സമയം നീട്ടുന്ന കാര്യം അതു കഴിഞ്ഞു നോക്കാം’; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ഡൽഹി: വൺ റാങ്ക് വൺ പെൻഷൻ പ്രകാരം നൽകേണ്ട കുടിശ്ശിക നാലു തവണകളായി നൽകുമെന്ന് അറിയിച്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കാൻ സുപ്രീം കോടതി നിർദേശം. പ്രതിരോധ മന്ത്രാലയത്തിന് നിയമം കയ്യിലെടുക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചു.

കുടിശ്ശികയിൽ ഒരു ഗഡു നൽകിക്കഴിഞ്ഞതായും ശേഷിച്ച തുക നൽകാൻ സമയം വേണമെന്നും അറ്റോർണി ജനറൽ ആർ വെങ്കടരമണി അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ”ആദ്യം നിങ്ങൾ ജനുവരി 20ന് ഇറക്കിയ വിജ്ഞാപനം പിൻവലിക്കൂ. സമയം നീട്ടി നൽകുന്ന കാര്യം അതിനു ശേഷം പരിഗണിക്കാം” ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിക്കു വിരുദ്ധമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിശ്ശിക നാലു ഗഡുവായി നൽകുമെന്ന് ഏകപക്ഷീയമായി തീരുമാനിക്കാൻ പ്രതിരോധ മന്ത്രാലയത്തിനാവില്ല.

കൊടുത്തു തീർക്കേണ്ട തുകയും നടപടിക്രമങ്ങളും മുൻഗണനകളും വ്യക്തിമാക്കി വിശദമായ കുറിപ്പു നൽകാൻ അറ്റോർണി ജനറളിനു കോടതി നിർദേശം നൽകി. പ്രായമായവർക്ക് ആദ്യം എന്ന നിലയിൽ വേണം കുടിശ്ശിക നൽകേണ്ടത്. കേസ് തുടങ്ങിയതിനു ശേഷം ഇതുവരെ നാലു ലക്ഷത്തിലേറെ പെൻഷൻകാർ മരിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

കുടിശ്ശിക നാലു ഗഡുക്കളായി നൽകുമെന്ന വിജ്ഞാപനത്തിനെതിരെ എക്‌സ് സർവീസ്‌മെൻ മൂവ്‌മെന്റ് നൽകിയ ഹർജിയിലാണ് കോടതി നടപടി. മാർച്ച് 15ന് അകം തുക കൊടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

Top