നിര്‍മ്മല സീതാരാമന്‍ കര്‍ണ്ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

nirmala-sitharaman

കുടക്: പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ കര്‍ണ്ണാടകയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഏറ്റവുമധികം ദുരന്തം ബാധിച്ച കുടകില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ചില റോഡുകള്‍, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ അടിയന്തരമായി പുനസ്ഥാപിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ഇന്ത്യന്‍ കരസേന നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ ഉറപ്പുനല്‍കി.

കര്‍ണ്ണാടകയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലം കുടകാണ്. ക്ഷേത്രങ്ങളിലും, മുസ്ലീം-ക്രിസ്ത്യന്‍ പള്ളികളിലുമായി നിരവധിപ്പേരാണ് അഭയം തേടിയത്.

ആഗസ്റ്റ് 21ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി 100 കോടിരൂപയാണ് ദുരിതാശ്വാസ ഫണ്ടായി കുടക് ജില്ലയ്ക്ക് അനുവദിച്ചത്. അതുപോലെ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരുന്നു.

പ്രദേശത്ത് രണ്ടുദിവസങ്ങളായി മഴകുറഞ്ഞതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വലിയ തടസ്സമില്ലാതെ നടക്കുന്നുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അടിഞ്ഞുകൂടിയ മാലിന്യംനീക്കുന്ന ജോലികളും തകൃതിയായി നടക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ജില്ലകളില്‍നിന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും കുടകിലെത്തിയിട്ടുണ്ട്.

കുടകില്‍ മഴക്കെടുതിയില്‍ ഇതുവരെ 16 പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 4,450 പേരെ രക്ഷപ്പെടുത്തി. പ്രാഥമിക കണക്കനുസരിച്ച് 1,118 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 360 വീടുകള്‍ തകരുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനുള്ള ശ്രമവും നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Top