പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ മെയ് 26ന് കണ്ണൂരിലെത്തും

nirmala-sitharaman

കണ്ണൂര്‍: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ മേയ് 26ന് കണ്ണൂരിലെത്തും. ജില്ലയിലെ എഴിമല നാവിക അക്കാദമിയില്‍ മന്ത്രി സന്ദര്‍ശനം നടത്തും. 26നു രാവിലെ അക്കാദമിയിലെ പാസ്സിങ് ഔട്ട് പരേഡിലും ബിരുദദാന സമ്മേളനത്തിലും മന്ത്രി പങ്കെടുക്കും. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും.

ഓഖി ദുരന്തബാധിതരെ കാണാന്‍ ഡിസംബറില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും എത്തിയ ശേഷമുള്ള മന്ത്രിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പാര്‍ട്ടി പരിപാടികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു ബിജെപി ജില്ലാ നേതാക്കള്‍ പറഞ്ഞു.

ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്കു മാറ്റാനുള്ള നീക്കം, ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ടു രാമന്തളിയിലെ മാലിന്യപ്രശ്‌നം, കണ്ണൂര്‍ കന്റോണ്‍മെന്റില്‍ സൈന്യവും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള പല വിഷയങ്ങളും ജില്ലയിലുണ്ട്. അവ പ്രതിരോധ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കന്റോണ്‍മെന്റ് പ്രദേശങ്ങളില്‍ സൈന്യവും നാട്ടുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കന്റോണ്‍മെന്റ് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും.

Top