Defence Minister Manohar Parrikar On Pathankot Operations

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ച ആറ് ഭീകരരെയും വധിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാലും തിരച്ചില്‍ നടപടി തുടരും. ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഒരു തരത്തിലുള്ള നാശനഷ്ടവും ഉണ്ടാക്കാന്‍ അവര്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യോമതാവളത്തില്‍ ധാരാളം വാഹനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ മറയാക്കിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

പിസ്റ്റളുകള്‍, എകെ47 തോക്കുകള്‍, മോട്ടോര്‍ ഷെല്ലുകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ ഭീകരുടെ കയ്യില്‍ ഉണ്ടായിരുന്നു. ആക്രമണം സംബന്ധിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. മറ്റുകാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂവെന്നും പരീക്കര്‍ വ്യക്തമാക്കി.

വ്യോമതാവളത്തില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടില്ല. ഭീകരര്‍ ഒളിച്ചിരുന്ന രണ്ടു കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ചെറിയ കേടുപാടുകള്‍ ഉണ്ടായത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു പത്താന്‍കോട്ടിലെ ഓപ്പറേഷന്‍. വളരെ വലിയ പ്രദേശമാണിത്. നിരവധി സൈനിക കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാവശങ്ങളും നോക്കിയെ സൈന്യത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സുരക്ഷയില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

Top