തെരഞ്ഞെടുപ്പില്‍ തോറ്റു, സ്ഥാനാര്‍ത്ഥി സാരിയും പണവും തിരികെ ചോദിച്ചു! തനിസ്വരൂപം പുറത്ത്

നിസാമാബാദ്: ജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും നിരവധി വാഗ്ദാനങ്ങളുമായാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന് ഇറങ്ങുന്നത്. എന്നാല്‍ തോറ്റാല്‍ ജനങ്ങളോട് ദേഷ്യമുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാറില്ല. പക്ഷെ ഇവിടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ തനിസ്വരൂപം പുറത്തുവന്നിരിക്കുന്നു.

പ്രചാരണ സമയത്ത് നല്‍കിയ പണവും സാരികളും തിരികെ കൊടുക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് തെലങ്കാനയിലെ നിസാമാബാദിലെ സ്ഥാനാര്‍ത്ഥി. ഇന്ദര്‍വായി ഗ്രാമത്തില്‍ നടന്ന സഹകരണ തെരഞ്ഞെടുപ്പില്‍ തോറ്റതിനാണ് സ്ഥാനാര്‍ത്ഥി ജനങ്ങളോട് പകരം വീട്ടിയത്. താന്‍ നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാസം നര്‍സിംലൂ, ഇന്ദര്‍വായി, ധര്‍പള്ളി, ദിച്ച് പള്ളി എന്നിവിടങ്ങളില്‍ പദയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ വീടുകളിലെത്തി മുമ്പ് സ്വീകരിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല.

മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് സാരിയും മൂവായിരം രൂപയും പുരുഷന്മാര്‍ക്ക് മദ്യവും പാനീയങ്ങളും നല്‍കിയിരുന്നു.

98 പേര് വോട്ട് ചെയ്തതില്‍ ആകെ ഏഴ് വോട്ട് മാത്രമാണ് നര്‍സിംലൂവിന് ലഭിച്ചത്. ബാക്കി 79 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി സ്വന്തമാക്കി. ഇതോടെയാണ് അദ്ദേഹത്തിന് ദേഷ്യം വന്ന് സമ്മാനങ്ങള്‍ തിരികെ ആവശ്യപ്പെട്ടത്.

Top