തോല്‍വികള്‍ തുടര്‍ക്കഥയാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സൂപ്പര്‍ കപ്പില്‍ ജംഷേദ്പുരിനോടും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും തോറ്റതിനു പിന്നാലെ ഇടവേള കഴിഞ്ഞ് ഐ.എസ്.എലിലെ ആദ്യമത്സരത്തില്‍ ഒഡിഷയോടും ഇപ്പോഴിതാ സ്വന്തം മൈതാനത്ത് പഞ്ചാബ് എഫ്.സിയോടും പരാജയപ്പെട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ലീഡ് നേടിയ ശേഷം ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബിനോട് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന ആദ്യ പരാജയമാണിത്.
മത്സരത്തിലുടനീളം ലഭിച്ച അവസരങ്ങളൊന്നും തന്നെ കാര്യമായി മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ പഞ്ചാബിനായി ഇരട്ട ഗോളുകളുമായി തിളങ്ങി. ലൂക്ക മയ്‌സെനായിരുന്നു മറ്റൊരു സ്‌കോറര്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ മിലോര്‍ ഡ്രിന്‍സിച്ചിന്റെ വകയായിരുന്നു.
ഗോള്‍ സ്‌കോറിങ് തുടങ്ങിവെച്ചത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. 39-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള ഡ്രിന്‍സിച്ചിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ പഞ്ചാബ് തിരിച്ചടിച്ചു. വില്‍മര്‍ ജോര്‍ദാന്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ നിന്ന് പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം ഹോര്‍മിപാമിന്റെ കാലില്‍ തട്ടിയ പന്ത് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി.
രണ്ടാം പകുതിയില്‍ പഞ്ചാബ് ആക്രമണം കടുപ്പിച്ചു. 61-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പഞ്ചാബ് ലീഡുയര്‍ത്തി. വില്‍മര്‍ ജോര്‍ദാന്റെ ഷോട്ട് ഗോള്‍കീപ്പര്‍ സച്ചിന്റെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു.
പിന്നാലെ കളിയുടെ അവസാന മിനിറ്റുകളില്‍ ലൂക്ക മയ്‌സന്റെ ഷോട്ട് ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഫ്രെഡിയുടെ കൈയില്‍ തട്ടിയതിന് റഫറി പഞ്ചാബിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. 88-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മയ്‌സന്‍ പഞ്ചാബിന്റെ ഗോള്‍പട്ടിക തികച്ചു.