അപകീര്‍ത്തിക്കേസ്:രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി 21ന് പരിഗണിക്കും

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജൂലൈ 21ന് പരിഗണിക്കും. കേസില്‍ കീഴ്‌കോടതി വിധിച്ച തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി അടുത്തിടെ ഹൈകോടതി തള്ളിയിരുന്നു.

2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് രാഹുലിന് തിരിച്ചടിയായത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി പരാതി നല്‍കി. തുടര്‍ന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു

Top