അപകീർത്തി കേസ്;കല്യാൺ ജ്വല്ലേഴ്സ് നൽകിയ പരാതിയിൽ ഒരു പ്രതികൂടി !

തൃശൂര്‍ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്‌സിനെതിരായ ആരോപണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഗോകുല്‍ പ്രസാദ് എന്ന പാലക്കാട് സ്വദേശിയെ കൂടി കേസില്‍ പൊലീസ് പ്രതിചേര്‍ത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചതായാണ് സൂചന.

ഈ കേസില്‍ പ്രമുഖ സംവിധായകനെയും മാധ്യമ പ്രവര്‍ത്തകനെയും പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ കല്യാണ്‍ ജ്വല്ലറിക്കെതിരെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോകുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ വര്‍ദ്ധിച്ച് വരുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ചില നീക്കങ്ങളും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.

സെപ്തംബര്‍ 25, 26, 27, 28 തിയ്യതികളിലായി കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടക്കും.

നിലവിലുള്ള സൈബര്‍ നിയമം കര്‍ക്കശമാക്കുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെ വേണമെന്ന നിലപാടാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി നിയമസഭ നിയമം പാസാക്കിയാലും മതിയെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

നിലവിലെ നിയമം വച്ച് തന്നെ അടുത്തയിടെ യു.പിയിലടക്കം മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ് റിമാന്റ് ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വത്തിലും ഉയര്‍ന്നിരുന്നു.

സൈബര്‍ രംഗത്ത് ഗൗരവമായി ഇടപെട്ട് നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന ആവശ്യം വിവിധ കേന്ദ്ര ഏജന്‍സികളും മുന്നോട്ട് വച്ചിട്ടുണ്ട്. തീവ്ര നിലപാടുകാര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുമ്പോള്‍ നടപടിക്ക് നിലവിലെ നിയമം അപര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ ആവശ്യം.

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഓഫീസറുമായ അജിത്ത് ദോവല്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടായിരിക്കും കേന്ദ്രത്തില്‍ ഇനി നിര്‍ണ്ണായകമാവുക.

പൗരന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ ബോധപൂര്‍വ്വം പ്രത്യേക ലക്ഷ്യം മുന്‍ നിര്‍ത്തി അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും യോജിപ്പാണുള്ളതെങ്കിലും നിയമ ഭേദഗതി കൊണ്ടു വന്നാല്‍ പൊലീസ് അത് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ഇവര്‍ക്കിടയിലും ശക്തമാണ്.

Top