മാനുകളെ വേട്ടയാടിക്കൊലപ്പെടുത്തിയ ആള്‍ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി

മിസൗറി: മാനുകളെ വേട്ടയാടിക്കെലപ്പെടുത്തിയ ആള്‍ക്ക് വിചിത്ര ശിക്ഷയുമായി കോടതി. അമേരിക്കയിലെ മിസൗറിയില്‍ നൂറിലേറെ മാനുകളെ കൊലപ്പെടുത്തിയ ഡേവിഡ് ബെറി എന്നയാള്‍ക്കാണ് കോടതി വിചിത്ര ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവും ഒപ്പം ശിക്ഷാ കാലാവധിയില്‍ മാസത്തില്‍ ഒരു പ്രാവശ്യം വാള്‍ട്ട് ഡിസ്‌നി നിര്‍മിച്ച ബാംബി എന്ന കാര്‍ട്ടൂണ്‍ സിനിമ കാണുക എന്നതുമാണ് ശിക്ഷ. 1942 ല്‍ നിര്‍മിച്ച ബാംബി എന്ന ചിത്രം വേട്ടക്കാരനാല്‍ അമ്മയെ നഷടമായ ഒരു മാന്‍കുഞ്ഞിന്റെ കഥയാണ് വിവരിക്കുന്നത്.

ഡേവിഡിനെ ആഗസ്റ്റ് മാസമാണ് അറസ്റ്റ് ചെയ്തത്. മാനുകളെ കൊന്ന ശേഷം അവയുടെ തലമാത്രം എടുത്ത് സ്ഥലം വിടുകയാണ് അയാളുടെ പതിവ്. മിസൗറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ ഇത്രയധികം മാനുകളെ വേട്ടയാടുന്നതിന് പിടികൂടുന്നത്.

ഡേവിഡ് കൊലപ്പെടുത്തിയ മാനുകളുടെ കൃത്യമായ എണ്ണം ഇനിയും വ്യക്തമായിട്ടില്ല. നൂറുകണക്കിന് മാനുകളെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതത്തില്‍ ഇയാള്‍ വിശദമാക്കുന്നത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ അനധികൃതമായി ആയുധം ഉപയോഗിച്ചതിനും കോടതി ഇയാള്‍ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഡേവിഡിനെ പിടികൂടിയത്.

Top