മാനിറച്ചി മോഹിച്ചവരെ പട്ടിയിറച്ചി തീറ്റിച്ച് മലപ്പുറത്തെ വേട്ടസംഘം!

hunter

മലപ്പുറം: മാനിറച്ചി തിന്നാന്‍ മോഹിച്ചവരെ പട്ടിയിറച്ചി തീറ്റിച്ച് മലയോര മേഖലയിലെ വേട്ടസംഘം. പട്ടിയിറച്ചി തിന്ന നിരവധി പേരാണ് കാളികാവിലും സമീപ പ്രദേശങ്ങളിലും ആശുപത്രികളില്‍ ചികിത്സതേടിയെത്തിയത്. മാനിറച്ചി വേവുന്നതിലും കൂടുതല്‍ സമയം ഇറച്ചി വേവാനെടുത്തിരുന്നു. മലയോര മേഖലയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നിരവധി പട്ടികളുടെ തലകളും കിട്ടി. ഇതോടയാണ് മാനിറച്ചിക്കു പകരം കഴിച്ചത് പട്ടിയിറച്ചിയാണെന്ന് പലരും തിരിച്ചറിഞ്ഞത്.

ചികിത്സതേടി ആശുപത്രികളിലേക്ക് ആളുകള്‍ നെട്ടോട്ടമോടി. കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. മാനിനെ വേട്ടയാടുന്നതും മാംസം കഴിക്കുന്നതും വനംവന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. വേട്ടസംഘം പിടിയിലാകുന്നതോടെ വന്‍വില നല്‍കി മാംസം വാങ്ങിയവരും കുടുങ്ങുമോ എന്നതാണ് ഇവരുടെ ഭീതി. സംഭവെത്തക്കുറിച്ച് വനംവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനിനെ വേട്ടയാടി പിടിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍ പട്ടിമാംസം തന്നെയായിരിക്കും മാനിറച്ചിയെന്നു പറഞ്ഞ് വില്‍പ്പന നടത്തിയതെന്നാണ് ഇപ്പോഴത്തെ നിഗമനം. പട്ടിയിറച്ചി വില്‍പനയാണ് നടത്തിയതെങ്കില്‍ വനംവകുപ്പിന് കേസെടുക്കാനാവില്ല. കബളിപ്പിക്കലിന് പോലീസിന് കേസെടുക്കാം.

മലയോര മേഖലയില്‍ വേട്ടസംഘങ്ങള്‍ വേട്ടയിറച്ചി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. ഗള്‍ഫുകാരും പുത്തന്‍ പണക്കാരുമൊക്കെയാണ് വേട്ട ഇറച്ചിയുടെ ആവശ്യക്കാര്‍. കാട്ടുപോത്ത്, മാന്‍, മുയല്‍, പന്നി എന്നിവയുടെ ഇറച്ചിക്കാണ് ഡിമാന്റ്. മോഹവില നല്‍കി ഇവ സ്വന്തമാക്കാനാളുണ്ട. വേട്ടയിറച്ചി ഉണക്കി സൂക്ഷിച്ചും ആവശ്യക്കാര്‍ക്കെത്തിച്ചു നല്‍കും. മാനിറച്ചിയുടെ പേരില്‍ പട്ടിയിറച്ചി തീറ്റിച്ചതോടെ വേട്ടഇറച്ചിക്ക് ആളില്ലാത്ത അവസ്ഥയാണ്.

Top