ദീപുവിന്റെ മരണകാരണം തലക്കേറ്റ അടിയും കരള്‍ രോഗവും, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ദീപുവിന്റെ തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷതം ഏറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദീപുവിന്റെ കരള്‍ രോഗവും മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ദീപുവിന്റെ മരണത്തിന് കാരണം സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമാണെന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ട്വന്റി ട്വന്റി ഗൂഢശ്രമം നടത്തിയതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദര്‍ശനന്‍ പറഞ്ഞു.

ദീപുവിന്റെ മരണം കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്. ശരിയായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു വരണം. സിപിഐഎമ്മിന് ഈ സംഭവത്തില്‍ യാതൊരു പങ്കില്ലെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദര്‍ശനന്‍ വ്യക്തമാക്കി.

Top