ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളായ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ഉപാധികളോട് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. കുന്നത്ത് നാട് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള വ്യവസ്ഥകള്‍ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ് മരിച്ച ദീപു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തനിക്ക് വീണു പരിക്കേറ്റതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മൊഴി നല്‍കിയിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് മൊഴി മാറ്റുകയായിരുന്നുവെന്നും പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നടത്തിയ വിളക്കണയ്ക്ക്ല്‍ സമരത്തിനിടെ ഫെബ്രുവരി 12-നാണ് ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 18-ന് ഉച്ചയോടെ ദീപു മരിച്ചു. കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ പ്രവര്‍ത്തകരായ അസീസ്,സൈനുദ്ദീന്‍,ബഷീര്‍ എന്നിവര്‍ നിലവില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലാണ്. തലയ്‌ക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗം മൂര്‍ച്ഛിച്ചാണ് ദീപു മരിച്ചതെന്നായിരുന്നു പിവി ശ്രീനിജന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളുടെ വാദം.

തെരുവ് വിളിക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി ട്വന്റി പദ്ധതി അട്ടിമറിച്ച ശ്രീനിജന്റെ നടപടിക്കെതിരെ നടത്തിയ വിളക്കണക്കല്‍ സമരത്തിന് പിന്നാലെയാണ് ദീപു അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റത്. സംഘര്‍ഷത്തിനിടെ ദീപുവിന് തലയ്ക്ക് അടിയേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ദീപുവിനെ എത്തിച്ചു. തലച്ചോറില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയിലായതോടെ രാജഗിരി മെഡിക്കല്‍ കോളേജിലേക്ക് ദീപുവിനെ മാറ്റി. കഴിഞ്ഞ നാല് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം ദീപു മരണത്തിന് കീഴടങ്ങുകയായിരുന്നു,.

Top