ദീപു വധക്കേസ്: ഹണി എം വർഗീസിനെതിരായ ഹൈക്കോടതി പരാമർശം സുപ്രീം കോടതി നീക്കി

കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി ഉത്തരവിൽ പരാമർശം നടത്തിയിരുന്നു. ഇതിൽ അതൃപ്തി രേഖപെടുത്തിയിരിക്കുകയാണ് സുപ്രീം കോടതി ഇപ്പോൾ. ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവിലെ പരാമർശം. ഹൈക്കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരുമെന്ന് പ്രത്യേക ഉത്തരവിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സൂപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും ഹൈക്കോടതി രജിസ്ട്രാർ രേഖാമൂലം അറിയിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍‍ഡ്ജിയായ ഹണി എം വർഗീസിനെ തന്റെ കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്. ഹണി എം വർഗീസ് തന്നെ ഇനിയും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജ‍ഡ്ജിയായി തുടരും.

Top