ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണത്തിന് കാരണം സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം: വിഡി സതീശന്‍

തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണത്തിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലാണ് മരിച്ച ദീപുവിന് മര്‍ദ്ദനമേറ്റത്. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ മര്‍ദ്ദനമാണ് പട്ടികജാതി കോളനിയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ എംഎല്‍എക്കെതിരെ ജനാധിപത്യ സമരം നടത്താന്‍ പാടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോളേജുകളിലും സംഘര്‍ഷം നടക്കുന്നു. ഇത് ധാര്‍ഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വിഡി സതീശന്‍ പറഞ്ഞു.

ദീപുവിന്റെ മരണകാരണം ക്രൂരമര്‍ദ്ദനം തന്നെയാണെന്ന് കുന്നത്തുനാട് മുന്‍ എംഎല്‍എ വിപി സജീന്ദ്രനും ആരോപിച്ചു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വിഷയം വേറെയാണെന്നും അത് വേറെ സമയത്ത് ചര്‍ച്ച ചെയ്യാമെന്നും വിഡി സതീശന്‍ പറഞ്ഞു. വിമാനം ഹൈജാക്ക് ചെയ്തത് പോലെയാണ് ഗവര്‍ണര്‍ തന്റെ ആവശ്യം നേടിയെടുത്തത്. തോക്കും ബോംബുമാണെന്ന് പറഞ്ഞ് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തി. കളിത്തോക്കും ടെന്നീസ് ബോളുമാണെന്ന് സര്‍ക്കാരിന് മനസിലായില്ലെന്നും അദ്ദേഹം പരിഹസിച്ചു.

 

Top