സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി; ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊമ്പതാം നൂറ്റാണ്ടിലെ ദീപ്തി സതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദീപ്തി അവതരിപ്പിക്കുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി രാജസദസ്സില്‍ നൃത്തം അവതരിപ്പിക്കുന്ന നര്‍ത്തകി കൂടിയാണ്.

വിനയന്‍ പങ്കുവച്ച കുറിപ്പ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ നാലാമത് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്യുകയാണ്. ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയില്‍ അന്‍പതിലധികം പ്രമുഖ നടീനടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ പോസ്റ്ററിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു. ആ കാലഘട്ടത്തില്‍ തിരുവിതാംകുറിലെ താണജാതിക്കാര്‍ അയിത്തത്തിന്റെ പേരില്‍ അനുഭവിക്കുന്ന യാതനകള്‍ നേരില്‍ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു.

അതേ സമയം തന്നെ തീണ്ടലിന്റെയും തൊടീലിന്റെയും പേരില്‍ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തികള്‍ക്കെതിരെ ആറാട്ടു പുഴയില്‍ നിന്ന് ഒരാള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. അധ:സ്ഥിതര്‍ക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു.

വേലായുധനെ നേരില്‍ കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടെന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോട് ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്ക് പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നി പരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകള്‍ക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.

സിജു വിത്സനാണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും ചിത്രത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, സുദേവ് നായര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളായി സുരേഷ് കൃഷ്ണയും പടവീടന്‍ നമ്പിയായി സുദേവ് നായരും തിരുവിതാംകൂര്‍ മഹാരാജാവായി അനൂപ് മേനോനും വേഷമിടുന്നു.

 

Top