എനിക്ക് കിട്ടുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്; പത്മാവദില്‍ കൂടുതല്‍ പ്രതിഫലം ദീപികയ്ക്ക്

deepika-padukkone

വിവാദ ചിത്രമായ പത്മാവദ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിച്ച രണ്‍വീര്‍ സിംഗും റാണി പദ്മാവതിയായി വേഷമിട്ട ദീപിക പദുകോണും മഹാരവല്‍ രത്തന്‍ സിംഗ് എന്ന രജ്പുത് രാജാവായി വേഷമിട്ട ഷാഹിദ് കപൂറും ഒന്നിന്നൊന്ന് മത്സരിച്ചാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തോടെ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായാണ് ദീപിക പദുകോണ്‍ മാറിയത്. എന്നാല്‍ ചിത്രത്തില്‍ മറ്റാരേക്കാളും കൂടുതല്‍ പ്രതിഫലമാണ് ദീപിക കൈപറ്റിയതെന്നാണ് ബോളിവുഡില്‍ നിന്നുളള വിവരം. ഇതേ കുറിച്ച് ദീപിക തന്നെ മറുപടി പറഞ്ഞു.

‘ഞാന്‍ അത്രയും പ്രതിഫലം അര്‍ഹിക്കുന്നു’ എന്നായിരുന്നു ദീപികയുടെ മറുപടി. ‘എന്നാല്‍ ഇത് എന്റെ സഹ അഭിനേതാക്കളുമായി താരതമ്യം ചെയ്ത് കൊണ്ട് പറയുന്നതല്ല. മറ്റുളളവരേക്കാള്‍ ഞാന്‍ ഇത്രയും പ്രതിഫലം അര്‍ഹിക്കുന്നു എന്നല്ല. എനിക്ക് എന്ത് കിട്ടണം എന്ന ധാരണയുടെ പുറത്താണ് ഇത്രയും പ്രതിഫലം കൈപറ്റുന്നത്’, ദീപിക പറഞ്ഞു. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് ഇതില്‍ നീരസം കാണുമോ എന്ന ചോദ്യത്തിന് ‘എനിക്ക് അറിയില്ല, എനിക്ക് കിട്ടുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഇതിനിടെ ‘പത്മാവതി’നെതിരെയുള്ള പ്രതിഷേധം പിന്‍വലിക്കാന്‍ രജ്പുത് കര്‍ണി സേന ആഹ്വാനം ചെയ്യുകയും ചെയ്തു. കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരം മുംബൈ നേതാവ് യോഗേന്ദ്ര സിങ് കട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള ബന്ധത്തെ രജ്പുതിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലല്ല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും കത്തില്‍ യോഗേന്ദ്ര സിങ് കട്ടര്‍ പറയുന്നു. അതിനാല്‍ നിരോധിച്ച മറ്റ് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രതിഷേധം പിന്‍വലിക്കുമെന്നും കട്ടര്‍ പറഞ്ഞു.

പത്മാവത് എന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും രജ്പുത് വംശജരേയും റാണി പത്മാവതിയേയും അപമാനിക്കുന്നതാണെന്നും ആരോപിച്ച് രാജ്യത്താകമാനം കര്‍ണി സേന പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ ആക്കി മാറ്റിയത്.

Top