പ്രൊജക്റ്റ് കെയുടെ ബ്രഹ്‌മണ്ഡ ലോഞ്ചിംഗില്‍ ദീപിക പാദുകോണ്‍ പങ്കെടുക്കില്ല

ഹൈദരാബാദ്: ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘പ്രോജക്ട് കെ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമലഹാസന്‍, ദിഷാ പഠാനി എന്നിവരുള്‍പ്പെടുന്ന വമ്പന്‍ താരനിരയാണുള്ളത്.600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിന്‍ തന്നെയാണ് തിരക്കഥയും.സന്തോഷ് നാരായണനാണ് ‘പ്രൊജക്റ്റ് കെ’യുടെ പാട്ടുകള്‍ ഒരുക്കുക.

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാന്‍ ഡീഗോ കോമിക്-കോണ്‍. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ. എന്നാല്‍ ഈ ചടങ്ങില്‍ ചിത്രത്തിലെ നായികയായ ദീപിക പാദുകോണ്‍ പങ്കെടുക്കില്ലെന്നാണ് വിവരം. വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ദീപിക ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയില്‍ അംഗമാണ്. അതിനാല്‍ ഹോളിവുഡില്‍ ഈ സംഘടന പണിമുടക്കിലാണ്. പണിമുടക്ക് നിര്‍ദേശം അനുസരിച്ച് ഈ സംഘടനയിലെ അംഗങ്ങള്‍ ആരും യുഎസില്‍ നടക്കുന്ന ഒരു ചലച്ചിത്ര പ്രമോഷന്‍ പരിപാടിയിലും പങ്കെടുക്കരുത്. ഇതോടെയാണ് ദീപിക ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

2017 വന്‍ ഡീസല്‍ നായകനായ എക്‌സ്.എക്‌സ്.എക്‌സ് റിട്ടേണ്‍ ഓഫ് സെന്റര്‍ കേജ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം നടത്തിയ നടിയാണ് ദീപിക. അടുത്തിടെ ഓസ്‌കാര്‍ അവാര്‍ഡ് ദാനത്തില്‍ മികച്ച ഒറിജിനല്‍ ഗാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു പരിചയപ്പെടുത്തിയതും ദീപികയാണ്.

വൈജയന്തി മൂവീസ് കോമിക് കോണില്‍ പ്രൊജക്ട് കെ പരിചയപ്പെടുത്തും. ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയിലര്‍, റിലീസ് തീയതി എന്നിവ നിര്‍മ്മാതാക്കള്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനും പങ്കെടുക്കും എന്നാണ് വിവരം.

Top