ഓസ്‍കര്‍ വേദിയിൽ ദീപിക പദുക്കോണ്‍ അവതാരകരില്‍ ഒരാളായി എത്തും

ന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തെ ഓസ്‍കര്‍. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’വിലാണ് ആരാധകരുടെ പ്രതീക്ഷകളത്രയും. ഷൗനക് സെൻ സംവിധാനം ചെയ്‍ത ‘ഓള്‍ ദാറ്റ് ബ്രീത്ത്‍സ്’, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ‘ദ് എലിഫെന്റ് വിസ്‍പേഴ്‍സ്’ എന്നീ ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിന്ന് ഓസ്‍കറിന് മത്സരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു അംഗീകാരം കൂടി ദീപികയിലൂടെ രാജ്യത്തിന് കൈവന്നിരിക്കുകയാണ്.

ഓസ്‍കര്‍ പുരസ്‍കാര വേദിയിലെ അവതാരകരില്‍ ഒരാളായി ഇന്ത്യയുടെ ദീപിക പദുക്കോണ്‍ ഇടംപിടിച്ചിരിക്കുകയാണ്. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്‍സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. 2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.

ദീപിക പദുക്കോണിന്റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘പഠാനാ’ണ്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

Top