ദീപിക ആദ്യം രാഷ്ട്രീയ-സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കൂ; പരിഹസിച്ച് ബാബ രാംദേവ്

ഇന്‍ഡോര്‍: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ദീപികയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യോഗാ ഗുരു ബാബ രാംദേവ്. ദീപിക പദുക്കോണ്‍, രാഷ്ട്രീയ-സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കണമെന്നാണ് ബാബ രാംദേവിന്റെ പരിഹാസം.അവര്‍ക്ക് തന്നെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വ്യാവസായികാവശ്യത്തിന് ഇന്ദോറില്‍ എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം.

‘അഭിനേതാവെന്ന നിലയില്‍ ദിപീകയുടെ കഴിവ് വ്യത്യസ്തമാണ്. ആദ്യം അവര്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ,സാസ്‌കാരിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് അറിവ് നേടിയതിന് ശേഷം മാത്രമെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാവൂ. നല്ല ഉപദേശങ്ങള്‍ ലഭിക്കാന്‍ സ്വാമി രാംദേവിനെ പോലുള്ളവരുടെ ഉപദേശം ദീപിക തേടണം’- രാംദേവ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ മുഖം കളങ്കപ്പെടുത്തുന്നതാണ്. രണ്ട് കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കാന്‍ ഒരാളെപ്പോലും അനുവദിക്കില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവര്‍ ബദല്‍ സംവിധാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ കൂടി തയ്യാറാകണമെന്നും ബാബാ രാംദേവ് പറഞ്ഞു.

ദീപിക ജെഎന്‍യുവിലെത്തിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ബിജെപി നിര്‍ദ്ദേശിച്ചിരുന്നു.

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജനുവരി ഏഴിനാണ് ദീപിക ക്യാമ്പസിലെത്തിയത്. സര്‍വകലാശാല ക്യാമ്പസില്‍ മുഖംമൂടിധാരികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ദീപികയുടെ സന്ദര്‍ശനം. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ഒപ്പമുണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ദീപിക, മുഖംമൂടി അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനേയും സന്ദര്‍ശിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് ദീപിക മടങ്ങിയത്.

Top