രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക്ക് വീഡിയോ, പ്രതികരണവുമായി യഥാര്‍ഥ വിഡിയോയിലെ ഇന്‍ഫ്‌ലുവന്‍സര്‍ സാറ പട്ടേല്‍

ന്യൂഡല്‍ഹി: രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ്പ്‌ഫെയ്ക്ക് വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി യഥാര്‍ഥ വിഡിയോയിലെ ഇന്‍ഫ്‌ലുവന്‍സര്‍ സാറ പട്ടേല്‍. സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും വളരെയധികം അസ്വസ്ഥയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ സാറ കുറിച്ചു.

”എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേര്‍ത്ത് ചിലര്‍ ഒരു ഡീപ് ഫെയ്ക് വിഡിയോ നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാന്‍ വളരെയധികം അസ്വസ്ഥയുമാണ്. സമൂഹമാധ്യമങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റര്‍നെറ്റിലെ എല്ലാം യഥാര്‍ഥമല്ല.”

സോക്ഷ്യല്‍ മീഡിയ താരമായ സാറ പട്ടേലിന്റെ വിഡിയോയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രശ്മികയുടെ മുഖം വച്ച് പ്രചരിച്ചത്.
സംഭവത്തില്‍ പ്രതികരണവുമായി രശ്മികയും രംഗത്തെത്തി. ”അങ്ങേയറ്റം ഭയാനകമാണിത്… സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇതു സംഭവിച്ചതെങ്കില്‍, എങ്ങനെ നേരിടുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കൂടുതല്‍ പേര്‍ ഇരയാകും മുന്‍പ് ഈ വിഷയത്തെ അഭിസംബോധന ചെയ്യണം.”രശ്മിക പറഞ്ഞു.

സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് നടന്‍ അമിതാഭ് ബച്ചന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഡീപ്‌ഫെയ്ക്കുകള്‍ അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഐടി ചട്ടമനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുണ്ട്. സര്‍ക്കാരോ ഉപയോക്താവോ ശ്രദ്ധയില്‍പെടുത്തിയാല്‍ 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കം ചെയ്യണം. അഥവാ നിയമനടപടി നേരിടേണ്ടിവരും.

എഐയുടെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമ വിഡിയോകളാണ് ഡീപ്‌ഫെയ്ക്. വിഡിയോ എടുത്ത് ശബ്ദം മാറ്റുകയോ തലമാറ്റി മോര്‍ഫ് ചെയ്യുകയോ ചെയ്യുന്ന പഴയ സൂത്രമല്ല. ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച്, മുഖത്തെ പേശീചലനങ്ങള്‍ പോലും പഠിച്ച്, അയാള്‍ സംസാരിക്കുന്ന രീതിയിലും ശബ്ദത്തിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ചെയ്യുന്നത് ഇത്തരത്തില്‍ നിരവധി വീഡിയോകാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Top