‘ഒരു സംവിധാനം തകര്‍ക്കുന്നത് വളരെ എളുപ്പം’ വിമര്‍ശകര്‍ക്കെതിരെ ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡല്‍ഹി:കോടതി വിമര്‍ശകര്‍ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രംഗത്ത്. ഒരു സംവിധാനത്തെ വിമര്‍ശിക്കുന്നതും തകര്‍ക്കുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍, അത് നടത്തിക്കൊണ്ട് പോകുന്നത് വളരെ പ്രയാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് കാര്യങ്ങള്‍ നന്നായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ചെയ്യേണ്ടതെന്ന് സുപ്രീംകോടതിയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ അദ്ദേഹം തുറന്നടിച്ചു.

ചില അഭിഭാഷകര്‍ ചില സമയങ്ങളില്‍ നടത്തുന്ന വാദങ്ങളും അഭിപ്രായപ്രകടനങ്ങളും വ്യക്തിപരമായ കാരണങ്ങളാലാണ്. കഠിനാധ്വാനം ചെയ്ത് സംവിധാനത്തെ നന്നാക്കിയെടുക്കുകയാണ് വേണ്ടത്. പലതും നമ്മളെ പുറകോട്ട് വലിക്കുന്ന ഘടകങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അതൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല. നീതി ദേവതയെ സേവിക്കുകയാണ് നമ്മുടെ ലക്ഷ്യം, അത് നിഷേധിക്കപ്പെട്ടാല്‍ നമ്മളെല്ലാം ദുഖിക്കേണ്ടി വരും ദീപക് മിശ്ര പറഞ്ഞു.

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുത്തു. ശരിയായ കാര്യങ്ങളുടെ കൂടെ വേണം നിയമ വ്യവസ്ഥ നില്‍ക്കാന്‍. അടിച്ചമര്‍ത്തപ്പെടുന്നവനു വേണ്ടിയുള്ളതായിരിക്കണം നിയമത്തിന്റെ അവസാന വാക്കെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങള്‍ക്കു വേണ്ടി ഭരിക്കണമെന്നാണ് ഭരണഘടന ശില്പികള്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Top