ബറോഡ ടീമിന്റെ ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയ ദീപക് ഹൂഡയ്ക് ഒരു വര്‍ഷത്തെ വിലക്ക്

വഡോദര: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ ബറോഡ ടീമിന്റെ ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയ വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയ്ക് വിലക്ക്. ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. ടീം മാനേജര്‍, പരിശീലകന്‍ എന്നിവരില്‍ നിന്ന് വിശദീകരണം കേട്ടതിന് ശേഷമാണ് ഹൂഡയ്‌ക്കെതിരെ തീരുമാനമെടുത്തത്. ഇതോടെ ഈ സീസണില്‍ ഹൂഡയിനി ബറോഡയുടെ ജേഴ്‌സി അണിയില്ല. എന്നാല്‍ അടുത്ത സീസണില്‍ താരത്തിന് തിരിച്ചെത്താം. സഹതാരങ്ങളുടെ മുന്നില്‍വെച്ച് ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു ടീം ക്യാംപില്‍ നിന്നും ഹൂഡയിനി ഇറങ്ങി പോയത്. ബറോഡക്കായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 25കാരനായ ദീപക് ഹൂഡ.

വഡോദരയിലെ റിലയന്‍സ് സ്റ്റോഡിയത്തില്‍ വെച്ച് പരിശീലനത്തിനിടെ ക്രുനാല്‍ അസഭ്യം പറഞ്ഞുവെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് ഹൂഡ അസോസിയേഷന് പരാതി നൽകിയിരുന്നു. തുടർന്ന് അസോസിയേഷന്‍ അന്വേഷണം നടത്തിയെങ്കിലും ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍. നിലവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.

Top