ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ദീപക് ചാഹറിന് പരുക്ക്; ദക്ഷിണാഫ്രിക്കൻ ഏകദിനങ്ങൾ നഷ്ടമാകും

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. ഫാസ്റ്റ് ബൗളർ ദീപക് ചാഹറിനും പരുക്കേറ്റതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെയാണ് താരത്തിന് കണങ്കാലിന് പരുക്കേറ്റത്. ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ഒമ്പത് റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതും ശ്രദ്ധേയമാണ്.

ദീപക്കിന്റെ പരുക്ക് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും പരുക്ക് മൂലം ലോകകപ്പിന് പുറത്തായിരുന്നു. ടി20 ലോകകപ്പ് ടീമിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം മത്സരിക്കുന്നവരിൽ ഒരാളാണ് ദീപക് ചാഹർ. എന്നാൽ ഇപ്പോൾ ലോകകപ്പ് കളിക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം അപൂർണ്ണമായേക്കാം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ചാഹർ കളിക്കുമോ എന്നതും അനിശ്ചിതത്വത്തിലാണ്.

“ദീപകിന്റെ കണങ്കാൽ പരുക്കുണ്ട്, പക്ഷേ അത് അത്ര ഗുരുതരമല്ല. എന്നിരുന്നാലും, കുറച്ച് ദിവസത്തെ വിശ്രമം നിർദ്ദേശിക്കപ്പെട്ടേക്കാം. ടി20 ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ദീപക്കിനെ കളിക്കാനുള്ള റിസ്ക് എടുക്കണോ വേണ്ടയോ എന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമായിരിക്കും. എന്നാൽ ആവശ്യമുണ്ടെങ്കിൽ അതിന് മുൻഗണന നൽകും.” – വൃത്തങ്ങൾ അറിയിച്ചു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിച്ച ഫാസ്റ്റ് ബൗളർ മുകേഷ് ചൗധരിയും ഡൽഹി ക്യാപിറ്റൽസിനായി കളിച്ച ചേതൻ സക്കറിയയും നെറ്റ് ബൗളർമാരായി ടീമിൽ ചേർന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് ഇരുവരും ടീം ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയത്.

Top