ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത പ്രതിനിധീകരിച്ച ആർ കെ നഗർ മണ്ഡലത്തിൽ എതിരാളിയെ കാത്ത് ദീപ ജയകുമാർ.
ജയലളിതയുടെ സഹോദര പുത്രിയായ ദീപയ്ക്കു വേണ്ടി ഇതിനകം തന്നെ അവരുടെ പുതിയ പാർട്ടി ‘എം ജി ആർ അമ്മ ദീപ പേരവൈ’ പ്രചരണം തുടങ്ങി കഴിഞ്ഞു.
ഏപ്രിൽ 12നു നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 23 വരെയാണ്.
മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തമിഴക രാഷ്ടീയം മാത്രമല്ല ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ ആർ കെ നഗറിൽ നടക്കുന്നത്.
ജയലളിതയുടെ മരണശേഷം പ്രതിസന്ധിയിലായ ഭരണപക്ഷമായ അണ്ണാ ഡിഎംകെ, അടുത്ത ഊഴം പ്രതീക്ഷിച്ചിരിക്കുന്ന ഡി എം കെ, അണ്ണാ ഡിഎംകെയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി പനീർശെൽവ വിഭാഗം. ഇവർക്കെല്ലാം കരുത്ത് തെളിയിക്കാൻ ‘ബാധ്യതപ്പെട്ട ‘ സ്ഥലമാണ് ചെന്നൈ ആർ കെ നഗർ.
ജയലളിത വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം നിലനിർത്തേണ്ടത് അണ്ണാ ഡിഎംകെയെ സംബന്ധിച്ച് നിലനിൽപ്പിനു തന്നെ അനിവാര്യമാണ്.
ഇത്രയും വലിയ സംഘർഷങ്ങൾ അരങ്ങേറിയിട്ടും ജയയില്ലാത്ത ആർ കെ നഗറിൽ വിജയിക്കാനായില്ലങ്കിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ ജനപിൻതുണയും ചോദ്യം ചെയ്യപ്പെടും.
ദീപയെ സംബന്ധിച്ചും വിജയിക്കാനോ അതല്ലെങ്കിൽ നല്ലൊരു വിഭാഗം വോട്ട് പിടിക്കാനോ കഴിഞ്ഞില്ലങ്കിൽ അവരുടെ രാഷ്ട്രീയ ഭാവിക്കും തിരശ്ശീല വീഴും.
പ്രതാപകാലത്ത് ഒറ്റക്കു മത്സരിച്ച തീപ്പൊരി നേതാവ് വൈക്കോക്കും നടൻ വിജയകാന്തിനുമെല്ലാം എട്ടു ശതമാനത്തിൽ താഴെ മാത്രമേ വോട്ട് നേടാൻ കഴിഞ്ഞിരുന്നൊള്ളൂ.
ദീപ വിജയിക്കുമോ, എത്ര വോട്ട് പിടിക്കും . .എന്നതാണ് തമിഴകത്തെ ഇപ്പാഴത്തെ പ്രധാന ചർച്ച. ഇവിടെ ശക്തരായ സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്താനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശ്രമം.
പനീർശെൽവ വിഭാഗം അണ്ണാ ഡിഎംകെ, ദീപക്ക് പിന്തുണ കൊടുക്കാനാണ് സാധ്യത.
ജയലളിതയുടെ മുഖച്ഛായയുള്ളതും അവരുടെ സഹോദര പുത്രിയാണ് എന്നതും ദീപക്ക് അനുകൂല ഘടകമായി മാറിയാൽ അത് ചരിത്രമാകും.
ശശികലയുടെ കുടുംബത്തിന്റെ ഇടപെടലിൽ പ്രതിഷേധമുള്ള അണ്ണാ ഡിഎംകെ പ്രവർത്തകരും നേതാക്കളും ആർകെ നഗറിൽ ദീപ ശക്തി തെളിയിച്ചാൽ കൂടെ പോവാൻ റെഡിയായി നിൽക്കുകയാണ്.
നിലവിൽ നല്ലൊരു വിഭാഗം അണികൾ ഇപ്പോൾ തന്നെ ദീപക്കൊപ്പമാണ് ‘എം ജി ആർ അമ്മ ദീപ പേരാവൈ’ എന്ന പേരിൽ ദീപ ആരംഭിച്ച പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ആർകെ നഗറിൽ വിജയ കൊടി പാറിച്ചാൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തമിഴകത്തെ മുഴുവൻ സീറ്റുകളിലും ‘എം ജി ആർ അമ്മ ദീപ പേരവൈ’ മത്സരിക്കും.