deepa 123985nishanth support manju warrier

തൃശൂര്‍: രാഷ്ട്രീയമുണ്ടെന്ന് ഉറക്കെ പറഞ്ഞ് മാധവിക്കുട്ടിയാകാന്‍ നടി മഞ്ജു വാര്യരോട് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നും ദീപ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. രാഷ്ട്രീയം ഒരു നിലപാട് കൂടിയാണെന്നും ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

മാധവിക്കുട്ടിയുടെ കഥപറയുന്ന കമല്‍ ചിത്രം ആമിയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരെ പല ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും മഞ്ജു പറഞ്ഞിരുന്നു.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ തന്റെ രാജ്യമാണ് തന്റെ രാഷ്ട്രീയം. ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ

ആശംസകൾ..

Top