പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ നില കൊള്ളുന്നില്ല; ദീപ നിശാന്ത്

deepa-nishanth

ഷാഹിന നഫീസയ്ക്കുണ്ടായ അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് ദീപ നിശാന്ത്. ഒരിക്കല്‍ എന്റെ തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ സംഘടനാ നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ആശയവിനിമയം തന്നെയും അസാധ്യമായ ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Shahina Nafeesa യുടെ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.. സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെല്ലാം ഇമ്മാതിരി വർഗ്ഗീയവാദികളുടെ കൂടെയാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അണലിയും മൂർഖനുമൊക്കെ വിഷമുള്ള പാമ്പുകൾ തന്നെയാണ്… ഏതിനാണ് അധികം വിഷമെന്ന ചർച്ച തന്നെ അനാവശ്യമാണ്.ഷാഹിനയുടെ വാക്കുകൾ കൂട്ടിച്ചേർക്കുന്നു.

“ഏതാനും മാസം മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ വിളിച്ചു. കാണണമെന്നും സംസാരിക്കണമെന്നുമാണ് ആവശ്യം .പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് എനിക്കുള്ള തെറ്റിദ്ധാരണകൾ മാറ്റണമത്രേ . എനിക്ക് സൗകര്യമുള്ള സമയത്ത്, സൗകര്യമുള്ള സ്ഥലത്ത് വരാമെന്നറിയിച്ചു . വേറെയും മാധ്യമപ്രവർത്തകരെ കാണുന്നുണ്ടെന്നും പറഞ്ഞു . അങ്ങനെ തെറ്റിദ്ധാരണയൊന്നുമില്ലെന്നും കാര്യങ്ങൾ ശരിയായി തന്നെയാണ് ഞാൻ ധരിച്ചിട്ടുള്ളതെന്നും എനിക്കും അവർക്കുമിടയിൽ എന്തെങ്കിലും ആശയവിനിമയ സാധ്യത ഉള്ളതായി തോന്നുന്നില്ലെന്നും ,രണ്ടു കൂട്ടരുടെയും സമയം നഷ്ടപ്പെടുത്തൽ മാത്രമാവും ഫലമെന്നും പറഞ്ഞ് ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചു .

പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ . പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ‘പ്രവർത്തന സ്വാതന്ത്ര്യ’ത്തിന് വേണ്ടി ഞാൻ നില കൊള്ളുന്നില്ല . എന്നെ സംബന്ധിച്ചിടത്തോളം ആശയവിനിമയം തന്നെയും അസാധ്യമായ ഒരു സംഘമാണ് അത് .

എസ് എഫ് ഐ യുടെ ജനാധിപത്യ വിരുദ്ധതയെ കുറിച്ച് നിങ്ങൾ സംസാരിച്ചു കൊള്ളൂ . പക്ഷേ അത് പോപ്പുലർ ഫ്രണ്ടിനെ അപ്പുറത്ത് വെച്ച് കൊണ്ടാവരുത് .”

Top