വിപ്ലവഗാനം അന്ന് സഖാക്കൾക്ക് ആയുധം, ഇന്ന് രമ്യക്കും പാട്ടു തന്നെ ‘ആയുധം’

കേരളത്തിലെ ഏത് ലോകമണ്ഡലം കൈവിട്ടാലും ആലത്തൂര്‍ കൈവിടരുത് എന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എം അണികള്‍. കാരണം ആലത്തൂരില്ലെങ്കില്‍ ഒന്നും ഇല്ല എന്ന അവസ്ഥയിലേക്ക് കേരളത്തിലെ ജനവിധി മാറുമെന്ന് അവര്‍ ഭയക്കുന്നു.

100 ശതമാനവും ചുവപ്പിന്റെ ഉറച്ച കോട്ടയാണ് ആലത്തൂര്‍ ലോകസഭ മണ്ഡലം. ഇവിടെ നിന്നുള്ള എം.എല്‍.എമാരുടെ എണ്ണത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിലും ആ മൃഗീയ മേധാവിത്വം പ്രകടമാണ്. പാവപ്പെട്ടവരും നിഷ്‌കളങ്കരും എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്ക് നൂറു ശതമാനവും അര്‍ഹരാണ് ആലത്തൂരിലെ ജനത. ഈ സംവരണ മണ്ഡലം മുന്‍പ് ഒറ്റപ്പാലം ആയിരുന്നപ്പോള്‍ കാണിച്ച ചുവപ്പ് സ്‌നേഹം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. കാലങ്ങളായി ചുവപ്പ് കൊടിയും അരിവാളും വിട്ടുളള ഒരു കളിക്കും തയ്യാറാകാത്തവരുടെ മനസ്സുകള്‍ പോലും ഇവിടെ ഇപ്പോള്‍ പതറുന്നുണ്ടെങ്കില്‍ അതിന് കാരണം സി.പി.എം നേതൃത്വം തന്നെയാണ്.

ഒരു പാര്‍ട്ട് ടൈം എം.പിയെ അല്ല ആഗ്രഹിച്ചതെന്ന ജനങ്ങളുടെ വിമര്‍ശനങ്ങളെ ഗൗരവമായി കാണാന്‍ സി.പി.എം നേതൃത്വത്തിന് സാധിക്കണമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ തന്നെ പ്രധാന പ്രചരണായുധം താന്‍ പാര്‍ട്ട് ടൈം എം.പി ആയിരിക്കില്ല എന്നതാണ്. രമ്യ ഹരിദാസിന് ഈ ചുവപ്പ് മണ്ണില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വോട്ടായി മാറിയാല്‍ അത് ഇടതുപക്ഷത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ചോദിച്ചു വാങ്ങുന്ന തിരിച്ചടി എന്ന് പറയുന്നതായിരിക്കും ശരി.

കോണ്‍ഗ്രസ്സിന്റെയോ യു.ഡി.എഫിന്റെയോ രാഷ്ട്രീയത്തിനുള്ള പിന്തുണ എന്നതിനുപരി രമ്യ ഹരിദാസ് എന്ന സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനും ആണ് ആളുകള്‍ ഈ മണ്ഡലത്തില്‍ തടിച്ച് കൂടുന്നത്.

ചെങ്കൊടി പിടിച്ച് ആരെ, ഏത് സാഹചര്യത്തില്‍ നിര്‍ത്തിയാലും വിജയിക്കുന്ന മണ്ഡലത്തില്‍ ചെമ്പട ഇപ്പോള്‍ വലിയ പ്രതിരോധത്തിലാകുന്നത് അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്. വലിയ തരംഗം സൃഷ്ടിച്ച് ബഹുദൂരം മുന്നിലാണ് ഇപ്പോള്‍ ഈ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇവിടെ കെ.രാധാകൃഷ്ണനെ പോലെ, പ്രവര്‍ത്തകര്‍ ആഗ്രഹിച്ച ഒരു സ്ഥാനാര്‍ത്ഥി ഇടതിന് ഉണ്ടായിരുന്നു എങ്കില്‍ ഇത്രയും ആശങ്കപ്പെടേണ്ട കാര്യം സി.പി.എമ്മിന് ഉണ്ടാവുമായിരുന്നില്ല. സിറ്റിംഗ് എം.പിയുടെ കാര്യത്തില്‍ കാസര്‍ഗോട്ടെടുത്ത നിലപാട് ആലത്തൂരിലും സ്വീകരിക്കാതിരുന്നത് അബദ്ധമായി പോയോ എന്നറിയാന്‍ തിരഞ്ഞെടുപ്പ് ഫലം വരെ എന്തായാലും കാത്തിരിക്കേണ്ടി വരും.

രമ്യ ഉണ്ടാക്കുന്ന തരംഗത്തെ പാട്ടു പാടലിന്റെ രാഷ്ട്രീയമായി കളിയാക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതും വിഡ്ഢിത്തമാണ്. കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം അരച്ച് കലക്കി കുടിച്ച് പാര്‍ട്ടിക്ക് പിന്നില്‍ അണിനിരന്ന ജനതയല്ല ആലത്തൂരിലേത്. ഈ യാഥാര്‍ത്ഥ്യം കളിയാക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. വിപ്ലവഗാനങ്ങളെ നെഞ്ചേറ്റിയ ഒരു ജനതയുടെ മനസ്സിനെ അവര്‍ണ്ണന്റെ വേദന പ്രകടമാക്കുന്ന മറ്റു ഗാനങ്ങളും സ്വാധീനം ചെലുത്തും. അത് സ്വാഭാവികമാണ്. കേരളത്തിന്റെ മണ്ണ് ഉഴുതുമറിച്ച് ചുവപ്പിനായി പാകപ്പെടുത്തുന്നതില്‍ കെ.പി.എ.സിയും വിപ്ലവ ഗാനങ്ങളും ഒക്കെ വഹിച്ച പങ്ക് ആരും മറന്നു പോകരുത്. ആശയ പ്രചരണത്തിനുള്ള ഒന്നാംതരം ഒരു ആയുധം തന്നെയാണ് പാട്ടുകള്‍. കേവലം തട്ടുപൊളിപ്പന്‍ സിനിമാ ഗാനമല്ല, അവര്‍ണ്ണന്റെ രോദനവും കണ്ണീരും, പ്രതീക്ഷകളും രമ്യയുടെ പാട്ടുകളിലുണ്ട്. അതു കൊണ്ട് തന്നെയാണ് ചുവപ്പ് സ്വപ്നങ്ങള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നവരും ആ പാട്ടുകേട്ട് കയ്യടിക്കുന്നത്.

രമ്യ ഹരിദാസ് പാട്ടു പാടുന്നത് ഇടതു സഹയാത്രിക ദീപ നിശാന്തിനെ അസ്വസ്ഥയാക്കുന്നുണ്ടെങ്കില്‍ അത് അവര്‍ക്കെന്തോ കുഴപ്പം സംഭവിച്ചതു കൊണ്ടാണ്.

മാറ്റം എന്ന വാക്കല്ലാതെ മറ്റെല്ലാം മാറാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന ചിലര്‍ക്കെങ്കിലും മാറി ചിന്തിക്കാനുള്ള ഒരവസരം അറിഞ്ഞോ അറിയാതെയോ സി.പി.എം കൊടുത്തു എന്നതാണ് ആലത്തൂരിനെ സംബന്ധിച്ച് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.

അതുകൊണ്ട് ചെങ്കൊടി പ്രസ്ഥാനത്തെ ആലത്തൂരിലെ ജനവിഭാഗം പൂര്‍ണ്ണമായും കൈവിട്ടു എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. ആകാശം തന്നെ ഇടിഞ്ഞ് വീണാലും ചെങ്കൊടി മാറോട് ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് അങ്ങനെയൊന്നും ഈ പ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. പക്ഷേ ഒരവസരം ഈ കുട്ടിക്ക് കൊടുത്തു കൂടേ എന്ന് ഇടതു അനുഭാവികള്‍ക്കിടയില്‍ പോലും തോന്നിപ്പിക്കാന്‍ രമ്യക്കു കഴിഞ്ഞു എന്നത് വലിയ സംഭവം തന്നെയാണ്.അത് ആലത്തൂരില്‍ തന്നെയാകുമ്പോള്‍ പ്രാധാന്യവും വര്‍ദ്ധിക്കുന്നു.

കാരണം രമ്യ ഈ മണ്ഡലത്തില്‍ ലാന്‍ഡ് ചെയ്യുന്നത് വരെ പ്രതിപക്ഷ നേതാക്കള്‍ക്ക് പോലും ഈ സംവരണ മണ്ഡലത്തില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ സിറ്റിംഗ് എം.പിക്കെതിരെ ലഭിക്കുന്ന നെഗറ്റിവ് വോട്ടുകളും രമ്യയുടെ മികവും കൂടി ചേരുമ്പോള്‍ ഇടത് കോട്ട ഇളക്കാന്‍ പറ്റുമെന്ന വര്‍ദ്ധിച്ച ആത്മവിശ്വാസത്തിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. ഒരു കാലത്തും ഉണ്ടാവാതിരുന്ന ഒരു പ്രതീക്ഷ, അതാണ് ഇത്തവണ അവര്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്നത്. ആ പ്രതീക്ഷകള്‍ക്ക് ബലം നല്‍കാന്‍ ഇടത് സഹയാത്രികയുടെ വിഡ്ഢിത്തം കൂടി ഒരു നിമിത്തമായി മാറിയിട്ടുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

Top