deepa jayakumar and her brother deepak enter into tamilnadu politics

ചെന്നൈ: ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളെ മുന്‍നിര്‍ത്തിയും തമിഴകത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍.

പനീര്‍ശെല്‍വ വിഭാഗം ജയലളിതയുടെ സഹോദര പുത്രി ദീപയെ പാര്‍ട്ടി തലപ്പത്ത് കൊണ്ടുവരാന്‍ ശ്രമം നടത്തുമ്പോള്‍ ശശികല വിഭാഗം ദീപയുടെ സഹോദരന്‍ ദീപക്കിനെ ഉയര്‍ത്തി കാട്ടാനാണ് ശ്രമിക്കുന്നത്.

ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ജയിലിലേക്ക് പോകുന്നതിന് മുന്‍പ് ഒഴിയാതെ ബന്ധുക്കളെ തന്റെ കീഴില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അടുത്ത പത്തുവര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശശികലയ്ക്ക് അയോഗ്യത കല്‍പിക്കപ്പെട്ടതിനാല്‍ ദീപക്കിനെ മുന്‍നിര്‍ത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആണ് ആലോചന.

പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുന്നതിനു മുന്‍പ് എം എല്‍ എമാര്‍ തമ്പടിച്ച റിസോര്‍ട്ടിലേക്ക് ദീപക്കിനെ ശശികല വിളിപ്പിച്ച് സംസാരിച്ചിരുന്നു. എം എല്‍ എമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് കൂടിയായിരുന്നു ഈ ക്ഷണനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സെങ്കൊട്ടയ്യനെയും തമ്പി ദുരൈ എം പിയേയും പാര്‍ട്ടി തലപ്പത്ത് നിര്‍ത്തി കൊണ്ട് തന്നെ ദീപക്കിന് ഉന്നതമായ പദവി നല്‍കുമെന്ന് അണ്ണാ ഡിഎംകെ നേതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

24ന് ജയലളിതയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന ദീപ പനീര്‍ശെല്‍വവുമായി ചേരുമെന്നതിനാല്‍ അത് അണ്ണാ ഡിഎംകെയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കണ്ടാണ് ഈ നീക്കം.

ജയലളിതയുടെ അതേ മുഖച്ഛായയും മാനിറസങ്ങളുമുള്ള ദീപ ഇതിനകം തന്നെ തമിഴ് നാട്ടിലെ ‘സെന്‍സേഷനാണ് ‘

അവരെ കാണുന്നതിനായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിത്യേന ആയിരകണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരാണ് വന്ന് കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പനീര്‍ശെല്‍വത്തിന് ചില പിന്തുണയൊക്കെ ലഭിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപെട്ടാലോ അതല്ലങ്കില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രംഗത്തിറങ്ങിയാലോ പൊതു സമൂഹത്തെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലന്നാണ് പൊതുവിലയിരുത്തല്‍.

ശശികലയുടെ കൂടെ നിന്ന് ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തും മരണപ്പെട്ടപ്പോഴും ഒന്നും പ്രതികരിക്കാതിരുന്ന പനീര്‍ശെല്‍വം സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്ത് വന്നതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. പരമ്പരാഗത വൈരികളായ ഡി എം കെയോടുള്ള പനീര്‍ശെല്‍വത്തിന്റെ കൂട്ട് കെട്ടിനോട് എതിര്‍പ്പുള്ള നല്ലൊരു വിഭാഗവും അണ്ണാ ഡിഎംകെയിലുണ്ട്.

അണ്ണാ ഡിഎംകെയെ പിടിച്ചെടുക്കാന്‍ പനീര്‍ശെല്‍വ വിഭാഗത്തിന് കഴിഞ്ഞില്ലങ്കില്‍ പിന്നെ ഒറ്റക്ക് നില്‍ക്കുക അവര്‍ക്കും പ്രയാസകരമായിരിക്കും. ദീപയെ മുന്‍നിര്‍ത്തിയാല്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ എളുപ്പം കഴിയുമെന്നതിനാല്‍ ദീപ പനീര്‍ശെല്‍വ കൂട്ടുകെട്ടാണ് നല്ലൊരു വിഭാഗം അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

ഇതെല്ലാം മുന്നില്‍ കണ്ടാണ് ചിന്നമ്മ ശശികലയും ജയിലില്‍ പോകുന്നതിന് മുന്‍പ് മുന്‍ കരുതല്‍ സ്വീകരിച്ചിരിക്കുന്നത്‌.

എത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഏത് നിമിഷവും നിലംപൊത്താം എന്നതിനാല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരു വിഭാഗം അണ്ണാ ഡിഎംകെക്കാര്‍ക്കും ജയലളിതയുടെ സഹോദരന്റ മക്കളെ ഇപ്പോള്‍ അനിവാര്യമാണെന്നതാണ് സ്ഥിതി.

പുരട്ചി തലൈവി അമ്മാവെ ആരാധിക്കുന്ന ലക്ഷകണക്കിന് വരുന്ന ആരാധകരുടെ പിന്തുണയില്ലങ്കില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലന്ന തിരിച്ചറിവിലാണ് സകല നീക്കങ്ങളും അരങ്ങേറുന്നത്.

Top