decreasing women population : thrissur gender critical district

തൃശ്ശൂര്‍:’ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ജന്റര്‍ ക്രിട്ടിക്കല്‍ ഡിസ്ട്രിക്റ്റ്’ പട്ടികയില്‍ സ്ഥാനം പിടിച്ച് തൃശ്ശൂര്‍.

ആറുവയസ്സിനു താഴെയുള്ളവരുടെ ജനസംഖ്യയില്‍ സ്ത്രീഅനുപാതം കുറയുന്ന പ്രവണത കാണിക്കുന്ന ഇന്ത്യയിലെ 100 ജില്ലകളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍നിന്ന് തൃശ്ശൂര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പെണ്‍ഭ്രൂണഹത്യയും ജനനശേഷം പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന അവഗണനയുമാണ് പെണ്‍ജനനങ്ങള്‍ കുറയുന്നതിനുള്ള കാരണമായി പദ്ധതിരേഖ ചൂണ്ടിക്കാണിക്കുന്നത്.

അനധികൃതമായി ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടക്കുന്നതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്നസാഹചര്യത്തില്‍ ജില്ലയിലെ സ്‌കാന്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

2001ലെ ജനസംഖ്യാ കണക്കെടുപ്പില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 958 പെണ്‍കുട്ടികളായിരുന്നു തൃശ്ശൂരിലെ അനുപാതം. പിന്നീട് 2011ല്‍ ഇത് 950 ആയി കുറഞ്ഞു. പുതിയ കണക്കനുസരിച്ച് 956ല്‍ നില്‍ക്കുന്നുവെന്നാണ് സൂചന.

Top