കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കി ഉള്ളി വില താഴേയ്ക്ക്

മുംബൈ: കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കി ഉള്ളി വില താഴേയ്ക്ക്. വിലയില്‍ പ്രതിഷേധിച്ച് നാസിക്കില്‍നിന്നുള്ള കര്‍ഷകന്‍ ഉള്ളി വിറ്റുകിട്ടിയ പണം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് അയച്ചുകൊടുത്താണ് പ്രതിഷേധമറിയിച്ചത്.

545 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ച തുച്ഛമായ 216 രൂപയാണ് ചന്ദ്രകാന്ത് ദേശ്മുഖ് എന്ന കര്‍ഷകന്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തത്. നാസിക്കിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ വിറ്റപ്പോള്‍ കിലോയ്ക്ക് 52 പൈസ നിരക്കിലാണ് ഉള്ളിക്ക് വില ലഭിച്ചത്.

നേരത്തെ നാസിക്കില്‍ നിന്നുള്ള ഒരു ഉള്ളി കര്‍ഷകന്‍ 750 കിലോ ഉള്ളി വിറ്റപ്പോള്‍ കിട്ടിയ ആയിരം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ഉള്ളി കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അവരുടെ ദുരിതം കാണുന്നില്ലെന്നും എന്‍.സി.പി. നേതാവ് ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Top